പഴയകാല ഓണത്തെക്കുറിച്ചും ഓണാഘോഷ പരിപാടികൾക്ക് ഇടയിൽ നടക്കുന്ന പ്രണയത്തെക്കുറിച്ചും പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ‘തുമ്പി’ എന്ന ഫോക്ലോർ ഡ്രാമ തരംഗമാകുന്നു. മണ്മറഞ്ഞു പോയ പഴയ കാല ഓർമകളും ഗൃഹാതുരത്വം ഉണർത്തുന്ന ദൃശ്യങ്ങളും ‘തുമ്പി’യെ വ്യത്യസ്തമാക്കുന്നു. ‘ചതിക്കപ്പെട്ട ചക്രവർത്തിക്ക് സമർപ്പണം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ ആരംഭിക്കുന്നത്. മലയാളി എന്നോ മറന്നു പോയ ഓർമകളിലേക്ക് വീഡിയോ നമ്മെ കൊണ്ടുപോകുന്നു.
ഉത്രാടപ്പാച്ചിലിൽ : തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കത്തിൽ മലയാളികൾ
ആട്ടം കലാസമിതി നിർമ്മിച്ച പൂതൻ എന്ന മ്യൂസിക്കൽ ആൽബത്തിന് ശേഷം മ്യൂസിക് ഡയറക്ടർ മണികണ്ഠൻ അയ്യപ്പയും, സംവിധായകനായ ജോഷും, സിനിമാറ്റോഗ്രാഫർ അശോക് വിഷ്ണുവും ഈ ഓണത്തിന് ‘തുമ്പി’ എന്ന മ്യൂസിക്കൽ ഫോക്ലോർ ഡ്രാമയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. പതിഞ്ഞ താളത്തില്‍ തുടങ്ങി ചടുലതാളത്തിലേക്ക് ഉയരുന്ന സംഗീതം, മലയാളി എന്നോ മറന്നു പോയ ഓർമകളാണ് ഉണർത്തുന്നത്.
ഒവല്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ ശ്രീജിത്ത് പെരിങ്ങാടും, അജിത് നായരുമാണ് ‘തുമ്പി’ നിർമിച്ചിരിക്കുന്നത്. ഈ കോവിഡ്കാലത്ത് ആട്ടം കലാസമിതിയുടെ പിന്തുണയോട് കൂടി കഴിവുള്ള കലാകാരൻമാരെ അണിനിരത്തിയാണ് വീഡിയോ ചെയ്തിരിക്കുന്നത്.
അത്തം ദിനത്തില്‍ റിലീസ് ചെയ്ത ‘തുമ്പി ‘ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്. നിരാശയുടെ പടുകുഴിയിലേക്ക് വീഴുമ്പോഴും പ്രതീക്ഷയുടെ പുതുവെളിച്ചം എവിടെയോ ഉയരുന്നുണ്ട് എന്ന സന്ദേശവും ഈ കൂട്ടായ്മ പങ്കുവെയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക