ഹൈവേയിലൂടെ ഓടിക്കളിക്കുന്ന പുള്ളിമാൻ. പിറകേ ഓടുന്ന നാട്ടുകാർ. കൗതുകക്കാഴ്ച കാണാൻ വാഹനങ്ങൾ ഒതുക്കി എത്തിനോക്കുന്ന യാത്രക്കാർ. ചന്ദ്രനഗർ– പിരിവുശാല ഭാഗത്തായി ഇന്നലെ ഉച്ചയ്ക്കു കണ്ട കാഴ്ചയാണിത്.
മാനിനെ രാവിലെ ഒൻപതോടെ ചന്ദ്രനഗർ പ്രദേശത്തു കണ്ടതായി നാട്ടുകാർ പറയുന്നു. തെരുവുനായ്ക്കൾ ആക്രമിക്കാൻ എത്തിയപ്പോൾ അടുത്തുള്ള വർക്ക് ഷോപ്പിലേക്ക് മാൻ ഓടിക്കയറി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു വനംവകുപ്പ് അധികൃതരെത്തി മാനിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറിയോടി.
ഹൈവേയിലൂടെ ഓടുന്നതിനിടെ കാലിനു പരുക്കേറ്റ മാനിനെ നാട്ടുകാരുടെ സഹായത്തോടെയാണു പിടികൂടിയത്.മാനിന്റെ കാലിനേറ്റ പരുക്കിനു ചികിത്സ നൽകിയശേഷം ധോണിയിലെ കാട്ടിലേക്കു വിട്ടതായി അധികൃതർ പറഞ്ഞു. ചന്ദ്രനഗർ പ്രദേശത്തു വനമേഖലയില്ലാത്തതിനാൽ മാൻ എവിടെനിന്നു വന്നു എന്ന ആകാംക്ഷയിലാണു നാട്ടുകാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക