ജയില്‍ മോചിതരായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ജയിൽ മോചിതരായതിന്റെ സന്തോഷം പ്രകടിപ്പിച്ചു. പുറത്തിറങ്ങിയ അലന് ഷുഹൈബ് പുസ്തകങ്ങള്‍ പിടിച്ചുള്ള ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റീഗ് ലാര്‍സന്റെ ‘ദ ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റു’ എന്ന പുസ്തകമാണ് അലന് പുറത്തിറങ്ങിയ ഉടനെ വായനക്കായി സ്വന്തമാക്കിയത്.
ജയിലില്‍ നിന്നും പുറത്തിറങ്ങിയ താഹ ആത്മവിശ്വാസത്തോടെയാണ് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. പുറത്തിറങ്ങിയതില്‍ സന്തോഷമുണ്ടെന്ന് താഹ പ്രതികരിച്ചു. 11 ഉപാധികളോടെയാണ് കൊച്ചി എന്‍.ഐ.എ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്. മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീല്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ 2019 നവംബറിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. അതേസമയം അലന്റേയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയിൽ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന്റെ ആവശ്യം കൊച്ചിയിലെ എൻ.ഐ.എ കോടതി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക