ബോളിവുഡ് ഗായിക നേഹ കക്കറും ഗായകൻ രോഹൻപ്രീത് സിങ്ങും തമ്മിലുള്ള പ്രണയമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച. പ്രണയത്തെക്കുറിച്ച് നേഹ ഔദ്യോഗികമായി അറിയിച്ചതോടെ ആരാധകർ വിവാഹവിശേഷങ്ങൾ തിരക്കിത്തുടങ്ങി. ഇതിനുപിന്നാലെ നേഹയുമായുള്ള പ്രണയം രോഹിത്തും തുറന്നുപറഞ്ഞു.
നേഹയും രോഹനും ഇരുവരുടെയും കുടുംബാംഗങ്ങളും ഒന്നിച്ചുള്ള ചിത്രം ഈയടുത്ത് പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ചർച്ചകളുണ്ടായത്. ഇതിനുപിന്നാലെയാണ് താരങ്ങൾ തന്നെ പ്രണയം തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു മാസം മുൻപു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നു എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 24ന് നേഹയുടെയും രോഹന്റെയും വിവാഹം നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു. കഴിഞ്ഞ വർഷം യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയിൽ നേഹ കക്കർ രണ്ടാം സ്ഥാനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക