കൊച്ചി: കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാനായി സ്വപ്ന സുരേഷ് സമീപിച്ചിരുന്നുവെന്ന് എം. ശിവശങ്കര്‍. കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടുന്നതിനായി രണ്ട് തവണ സ്വപ്ന ബന്ധപ്പെട്ടുവെന്നും രണ്ട് തവണയും താന്‍ തയ്യാറായില്ലെന്നും ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് മൊഴി നല്കി. സ്വപ്ന സുരേഷിന്റെ മൊഴിയിലെ പോയിന്റ് ഓഫ് കോണ്ടാക്റ്റ് എന്ന ഭാഗവും എം ശിവശങ്കര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വപ്ന നല്കിയ മൊഴിയിലെ പോയിന്റ് ഓഫ് കോണ്ടാക്റ്റ് എന്ന ഭാഗത്ത് ചെറിയ തിരുത്ത് എം ശിവശങ്കര്‍ കൊണ്ടുവരുന്നുണ്ട്. 2017ല്‍ ക്ലിഫ് ഹൗസില്‍ വെച്ച് കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നുവെന്നും അതില്‍ കോണ്‍സുലിന്റെ പോയിന്റ് ഓഫ് കോണ്ടാക്റ്റ് ആയി എം. ശിവശങ്കറിനെ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്നതാണ് സ്വപ്ന പറഞ്ഞത്. അത് പക്ഷേ ശിവശങ്കര്‍ തിരുത്തുകയാണ്.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി 2016ല്‍ തന്നെ മുഖ്യമന്ത്രി തന്നെ അധികാരപ്പെടുത്തിയിരുന്നു എന്നാണ് എം ശിവശങ്കര്‍ പറയുന്നത്. സ്വപ്ന സുരേഷ് മൊഴിയില്‍ പറഞ്ഞ 2017ലെ കൂടിക്കാഴ്ചയെ ശിവശങ്കര്‍ തള്ളിക്കളഞ്ഞു. അത്തരത്തിലൊരു കൂടിക്കാഴ്ച ഉണ്ടായോ ഇല്ലയോ എന്ന് തനിക്കറിയില്ല എന്നാണ് ശിവശങ്കറിന്റെ മൊഴി.
സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് ഒരു താല്‍ക്കാലിക നിയമനമാണ് അത് മുഖ്യമന്ത്രി അറിയേണ്ടതില്ല എന്നതാണ് അദ്ദേഹം അതിന് നല്കുന്ന വിശദീകരണം.
സ്വപ്നയ്ക്ക് സ്പെയ്സ് പാര്‍ക്കില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട കാര്യത്തിലും സ്വപ്നയുടെ വാദങ്ങളെ ശിവശങ്കര്‍ തള്ളുന്നുണ്ട്. ബയോഡേറ്റയില്‍ തന്റെ പേര് റഫറന്‍സായി സൂചിപ്പിക്കാനുള്ള അനുമതി മാത്രമാണ് നല്‍കിയത്. പി.ഡബ്യു.സിയില്‍ അവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സ്പേസ് പാര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ട് സ്വപ്ന നല്കിയ മറ്റ് മൊഴികളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലടക്കം പല തവണ കണ്ടിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴിയില്‍ മറുപടിയില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കള്ളക്കടത്ത് സ്വര്‍ണം പൊട്ടിച്ച് പരിശോധിക്കുന്നതിന്റെ തലേ ദിവസം രാത്രി സ്വപ്നയും ഭര്‍ത്താവും തന്റെ ഫ്ളാറ്റിലെത്തി തന്നെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാറ്റ് മാറുന്നതുമായി ബന്ധപ്പെട്ടാണ് അവര്‍ എത്തിയതെന്നും അവരുടെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നുവെന്നും അദ്ദേഹം ഇഡിയോട് സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക