കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത സാഹചര്യത്തിൽ അന്വേഷണം വൻകിട സർക്കാർ പദ്ധതികളിലേക്കും. കെ ഫോണ്‍ അടക്കമുള്ള സർക്കാർ പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. എം ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വന്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഇഡി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കെ ഫോണ്‍, സ്മാര്‍ട്ട് സിറ്റി, ഡൗണ്ടൗണ്, ഇ മൊബിലിറ്റി എന്നി പദ്ധതികളുടെ വിശദാംശങ്ങളാണ് തേടിയത്.
പദ്ധതികളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് കത്തയച്ചു. പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങള്‍ എന്നിവയാണ് തേടിയത്. പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍. ശിവശങ്കറിന് പുറമേ മറ്റ് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ടെന്നാണ് വിവരം.
ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നേരത്തെ ഇഡി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു പദ്ധതികളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
കസ്റ്റഡിയിലുള്ള ശിവശങ്കറിനെ കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇഡി ചോദ്യം ചെയ്തുവരികയാണ്. ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച അന്വേഷണവും ഇഡി വിപുലമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക