മലയാളികളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന, ജാഡയില്ലാത്ത നടനാണ് ഇന്ദ്രൻസ്. സിനിമാ താരങ്ങൾ വണ്ണം കൂടാതിരിക്കാൻ ചെയ്യുന്ന പ്രത്യേക ഡയറ്റുകൾ ഒന്നും ആവശ്യമില്ലാത്തൊരാൾ. പ്രത്യേകിച്ച് ഭക്ഷണ താത്പര്യങ്ങളും ഇല്ല. വെജിറ്റേറിയൻ വിഭവങ്ങൾ ദേശ വ്യത്യാസമില്ലാതെ എവിടെനിന്നും കഴിക്കാൻ ഇഷ്ടം.
സാമ്പാർ, പുളിശ്ശേരി. ഇഡ്ഡലി, ചോറ് എന്നിങ്ങനെ പോകുന്നു പ്രിയ വെജ് വിഭവങ്ങൾ. ഭക്ഷണം ആവശ്യത്തിനു മാത്രം.
വണ്ണമില്ലാത്ത കാലത്ത് അൽപം വണ്ണം വയ്ക്കാൻ ആഗ്രഹിച്ചിരുന്നു. ഇറച്ചിയും മീനും കഴിച്ചാൽ മത്രമേ വണ്ണം വയ്ക്കുകയുള്ളു എന്നതു മനസ്സിലാക്കിയപ്പോൾ ‘വണ്ണ’ത്തിനുള്ള ശ്രമം ഉപേക്ഷിച്ചു. വണ്ണം വയ്ക്കാൻ ആഗ്രഹിച്ച് ഇതൊക്കെ ചെയ്ത് നടക്കാതായപ്പോൾ നിരാശ തോന്നി.
പക്ഷേ അങ്ങനെ ശ്രമിച്ചതു പോലും തെറ്റായിപ്പോയി എന്നു പിന്നീടു തോന്നി. കാരണം ശരീരപ്രകൃതിയിൽ മാറ്റം വരാതിരുന്നതു കൊണ്ടാകും അന്ന് സിനിമയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞത് എന്നാണ് എന്റെ വിശ്വാസം. പിന്നെ നന്നായി വ്യായാമം ചെയ്യാറുണ്ടായിരുന്നു.
ഇക്കാലത്ത് തീരെ മെലിഞ്ഞിരിക്കുന്നു എന്ന് സങ്കടപ്പെടുന്നവരോട് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. അവരുടെ ചിന്തയും ഭക്ഷണരീതിയുമൊക്കെ വേറെയാണ്. നമ്മൾ പറയുന്ന കാര്യങ്ങൾ അവർക്ക് ചിലപ്പോൾ പ്രാകൃതമായി തോന്നും എന്നാണ് എനിക്കു തോന്നുന്നത്.
കൂട്ടുകൂടി ഭക്ഷണം കഴിക്കാൻ പോകുന്ന പരിപാടിയൊന്നും ഇല്ല. അങ്ങനെ ആരെങ്കിലും വിളിച്ചാൽത്തന്നെ പിൻവാങ്ങുകയാണ് പതിവ്. മറ്റൊന്നും കൊണ്ടല്ല, അത്രയൊന്നും കഴിക്കാൻ പറ്റാറില്ല. ഇച്ചിരി എന്തെങ്കിലും കഴിക്കുമ്പോഴേ വയറു നിറയുമല്ലോ പിന്നെ എന്തു ചെയ്യാനാണ്.
കുട്ടിക്കാലത്ത് ഉള്ള ഭക്ഷണം സഹോദരങ്ങളുമായി പങ്കുവച്ച് കഴിക്കുമായിരുന്നു. കിട്ടുന്ന ഭക്ഷണത്തിൽനിന്ന് ഒരു ഓഹരി അവിടെ ഇല്ലാത്ത ആൾക്കു വേണ്ടി മാറ്റി വച്ചാണ് കഴിച്ചിരുന്നത്. പിടിവാശികളൊ വഴക്കുകളോ ഇല്ലായിരുന്നു. പാചകം ചെയ്യാറില്ല.
2019 ലെ ഷാങ്ഹായ് ചലച്ചിത്രമേളയിൽ പുരസ്കാരം സ്വീകരിക്കാൻ പോയപ്പോഴത്തെ ചൈനീസ് ഭക്ഷണ വിശേഷം സൈബർ ലോകത്ത് വൈറലായിരുന്നു.
ചോപ് സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന വിഡിയോ അദ്ദേഹം പങ്കുവച്ചത് ‘പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ’ എന്ന കുറിപ്പോടെയാണ് പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക