പുറത്തിറങ്ങിയ നാൾ മുതൽ സോഷ്യൽ മീഡിയകളിലുൾപ്പെടെ തരംഗം സൃഷ്ടിച്ച പാട്ടാണ് മാരി 2 വിലെ ‘റൗഡി ബേബി’. പാട്ടും ദൃശ്യവൽക്കരണവും കൊണ്ട് ശ്രദ്ധേയമായിരുന്നു പാട്ട്. ധനുഷും സായ് പല്ലവിയും പ്രഭുദേവയുടെ കൊറിയോഗ്രഫിക്ക് ചുവടുകൾ വച്ചപ്പോൾ അത് എക്കാലത്തെയും റെക്കോർഡുകളിൽ ഒന്നായി. ഇപ്പോഴിതാ റൗഡി ബേബി മറ്റൊരു ചരിത്രം സൃഷ്ടിക്കുകയാണ്. വൺ ബില്യൺ വ്യൂവേർസ് ആണ് പാട്ടിന് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്ത് ഇന്ത്യൻ ഗാനം എന്ന റെക്കോർഡ് കൂടി പാട്ട് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, ഈ സന്തോഷം നടൻ ധനുഷ് പങ്കുവച്ചത് ഇരട്ടി മധുരത്തോടെയാണ്. മറ്റൊരു സന്തോഷം കൂടി താരം പങ്കുവെക്കുന്നുണ്ട്. ധനുഷിന്റേതായി പുറത്തിറങ്ങിയ ത്രീ എന്ന സിനിമയിലെ ഹിറ്റ് സോങ്ങായിരുന്നു കൊലവെറി. കുട്ടികളുൾപ്പെടെ പാടി നടന്ന പാട്ടിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൊലവെറി സോങ്ങിന്റെ ഒൻപതാമത് വാർഷികത്തിലാണ് റൗഡി ബേബി വൺ ബില്യൺ വ്യൂവേർസ് നേട്ടത്തിൽ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇരട്ടി സന്തോഷം പങ്കുവച്ചത്. ഇന്ത്യയിൽ നിന്നും വൻ ബില്ല്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ അഞ്ചാമത്തെ വീഡിയോ കൂടിയാണ് റൗഡി ബേബി. യുവൻ ശങ്കർരാജ സംഗീതം നിർവ്വഹിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ധനുഷാണ്. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക