തിരുവനന്തപുരം : മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിക്കുറിച്ച ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ ഇറങ്ങി പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍, ഒന്നര കോടിയിലധികം കാഴ്ച്ചക്കാര്‍. നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ട ട്രെയിലറിന് നിമിഷങ്ങള്‍ വച്ചാണ് കാഴ്ചക്കാരേറുന്നത്.
നായകനായ യാഷിന്റെ 35-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10:16ന് ടീസര്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഇന്നലെത്തന്നെ പുറത്തുവിടുകയായിരുന്നു.
യാഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രവും ശത്രുക്കള്‍ക്കെതിരായ ആക്രമണത്തിന്റെ തീവ്രതയുമാണ് ടീസറില്‍ കാണുന്നത്. ടീസറില്‍ സഞ്ജയ് ദത്തിനെയും രവീണ ടണ്ടനെയും കാണാം. പവര്‍ഫുള്‍ നായകന് ഒത്തിണങ്ങിയ പവര്‍ഫുള്‍ വില്ലനാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അഥീര. ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിജയമായതു കൊണ്ട് രണ്ടാം ഭാഗത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്.
പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം 2018ലാണ് റിലീസ് ചെയ്തത്. ഒരുപാട് പ്രതീക്ഷകള്‍ നല്കി അവസാനിപ്പിച്ച ആദ്യഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കോവിഡ് മൂലം തിയേറ്ററുകള്‍ തുറക്കാതിരുന്നതും ഷൂട്ടിങ് മുടങ്ങിയതും റിലീസിന് തടസ്സമായി.
2020 ഒക്ടോബറില്‍ പുറത്തിറങ്ങാനിരുന്ന ചിത്രമാണ് ഇക്കൊല്ലം റിലീസ് ആകുന്നത്. രവീണ ടണ്ടന്, പ്രകാശ് രാജ്, മാളവിക അവിനാശ് തുടങ്ങിയ വമ്പന്‍ താരനിര രണ്ടാം ഭാഗത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക