എറണാകുളം : മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കിണറ്റിൽ വീണ നാലു വയസുകാരിയെ രക്ഷിക്കാൻ ഒപ്പം ചാടി മൂന്നുപേർ. കുട്ടിയുടെ അച്ഛനും രണ്ട് ബന്ധുക്കളുമാണ് കിണറ്റിൽ ചാടിയത്. എറണാകുളം പെരുവ സ്വദേശി രാഹുലിന്റെ വീട്ടിലാണ് സംഭവം.
പുതുതായി വാങ്ങിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടക്കുന്നതിനിടെ നാലുവയസുകാരി മകൾ കിണറ്റിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ രാഹുൽ ആദ്യം കിണറ്റിലേക്ക് എടുത്ത് ചാടി. കുട്ടിയെ എടുത്തുയർത്തി കിണറ്റിൽ അള്ളിപ്പിടിച്ച് കിടന്നു.
ഇതിനിടെ ഇവരെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്തു ചാടിയ ബന്ധുക്കളായ ഉണ്ണിക്കൃഷ്ണനും നിഥിലും കിണറ്റിൽ കുടുങ്ങി. 30 അടി താഴ്ചയുള്ള കിണറ്റിൽ 7 അടിയോളം വെള്ളം ഉണ്ടായിരുന്നു.
എല്ലാവരും കിണറ്റിൽ കുടുങ്ങിയതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണു ഫയർ ഓഫിസർ പി.കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. വല ഉപയോഗിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും പരുക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക