ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി 2,59,170 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 1,761 പേര് മരണത്തിനു കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,54,761 പേര്‍ക്ക് രോഗമുക്തി ലഭിച്ച് ആശുപത്രി വിട്ടു. രാജ്യത്ത് 20,31,977 സജീവ കേസുകളുണ്ട്. നിലവില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,53,21,089 ആണ്.
കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ് 25 ലക്ഷം കേസുകള്‍ രാജ്യത്തു കൂടിയത്. സജീവമായ കേസുകള്‍ 20 ലക്ഷം കവിഞ്ഞതും ആശങ്കപ്പെടുത്തുന്നു.
18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കുമായി സര്‍ക്കാര്‍ കോവിഡ് -19 വാക്സിനേഷന് ഡ്രൈവ് ആരംഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിന് നിര്‍മാതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6 മണിക്കാണ് യോഗം.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള മുന്‍നിര മയക്കുമരുന്ന് നിര്‍മ്മാതാക്കളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ബയോടെക്നോളജി വകുപ്പാണ് യോഗത്തിന്റെ ഏകോപനം നിര്‍വ്വഹിക്കുന്നത്.
വാക്സിന് അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞത് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ വളരെ കുഴക്കുന്നുണ്ട്. ഇത്തരം വസ്തുക്കളുടെ കയറ്റുമതിക്കുള്ള നിയന്ത്രണം യുഎസ് ഉടന്‍ അവസാനിപ്പിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത് .
രാജ്യത്തെ മരുന്നുകളുടെ ലഭ്യത കൂട്ടാനായി ഇത്തരം മരുന്നുകളുടെ കയറ്റുമതി യു എസ് അവസാനിപ്പിച്ചിരുന്നു. ഈ ആവശ്യം ഇന്ത്യ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കുന്നതായാണ് യു എസിന്റെ മറുപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക