മഹാവിഷ്ണുവിൻറെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമൻറെ ജന്മദിനമായ ഇന്ന് ഹിന്ദുമത വിശ്വാസികൾ രാമ നവമി ആഘോഷിക്കുന്നു. വിശ്വാസികൾ രാമനെ ആരാധിയ്ക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ഏറ്റവും പുണ്യമായ ദിനം കൂടിയാണ് രാമ നവമി.
ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് രാമ നവമി ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഏപ്രിൽ 21 ന് അർദ്ധരാത്രി 12.43 മുതൽ ഏപ്രിൽ 22 ന് അർദ്ധരാത്രി 12.35 വരെയാണ് രാമനവമിയുടെ മുഹൂർത്തം.
ത്രേതായുഗത്തിൽ അയോധ്യ ഭരിച്ചിരുന്ന ദശരഥനും കൗസല്യയ്ക്കും ജനിച്ച പുത്രനാണ് ശ്രീരാമൻ. ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ഒൻപതാം ദിനമായ നവമി ദിനത്തിലാണ് ശ്രീരാമൻറെ ജനനം. മഹാവിഷ്ണുവിൻറെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമൻ ജന്മമെടുത്തത് എന്നാണു ഐതിഹ്യം.
ശ്രീരാമനെ ശിശു രൂപത്തിലാണ് നവമി ദിനത്തിൽ ആരാധിയ്ക്കുന്നത്. വ്രതമെടുത്തും രാമ നാമം ജപിച്ചുമാണ് ഭക്തർ നവമി ദിനം ആഘോഷിയ്ക്കുന്നത്. ഇതിൻറെ ഭാഗമായി ചിലർ അയോധ്യയോടു ചേർന്നൊഴുകുന്ന സരയൂ നദിയിൽ മുങ്ങി നിവരുന്ന ചടങ്ങും നടത്താറുണ്ട്. രാമന്റെ ജന്മദിനത്തിൽ ഈ നദിയിൽ മുങ്ങി നിവരുന്നത് പുണ്യ കർമമാണ് എന്നാണു വിശ്വാസം.
ഇന്ത്യയിലെ എല്ലാ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ശ്രീരാമഭഗവാന്റെ ജന്മസ്ഥാനമായ അയോദ്ധ്യയിൽ അന്നേദിവസം ആയിരങ്ങൾ സരയൂനദിയിൽ സ്നാനം ചെയ്യും.
ഇത് കൂടാതെ, തെലങ്കാനയിലെ ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം, ആന്ധ്രാപ്രദേശിലെ വോണ്ടിമിട്ട കോദണ്ഡരാമസ്വാമിക്ഷേത്രം, തമിഴ്നാട്ടിലെ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും രാമനവമി പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. കേരളത്തിൽ പൊതുവേ വൻ തോതിലുള്ള ആഘോഷങ്ങൾ കുറവാണ്.
എങ്കിലും, എല്ലാ ശ്രീരാമക്ഷേത്രങ്ങളിലും ഇതിനോടനുബന്ധിച്ച് രാമായണപാരായണവും എഴുന്നള്ളത്തും ചുറ്റുവിളക്കുമുണ്ടാകാറുണ്ട്. കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീതാദേവിയുമായുള്ള ഭഗവാന്റെ വിവാഹദിവസമായും രാമനവമി കണക്കാക്കപ്പെടുന്നു. അതിനാൽ, അന്നേദിവസം അതിനോടനുബന്ധിച്ച് തിരുക്കല്ല്യാണ മഹോത്സവവും നടത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക