കോവിഡ് ലോക്ഡണിനിടെ അത്യാവശ്യ സാധനങ്ങള്‍ ലഭിക്കുന്ന ഒരു ചെറിയ കടയെ ‘സോനു സൂപ്പര്‍മാര്‍ക്കറ്റ്’ എന്ന പേരില്‍ രസകരമായി പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി. താരം പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
”സോനു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇല്ലാത്ത സാധനങ്ങളൊന്നും ഉണ്ടാകില്ല. എന്നാല്‍, എനിക്ക് വേണ്ട സാധനങ്ങള്‍ ഉണ്ടോയെന്ന് നമുക്ക് സോനു ചേട്ടനോട് തന്നെ ചോദിക്കാം” എന്ന് പറഞ്ഞു കൊണ്ടാണ് സോനു സൂപ്പര്‍മാര്‍ക്കറ്റിനെ പറ്റിയുള്ള വീഡിയോ ആരംഭിക്കുന്നത്.
സവോളയും പാലും പൊടിയുപ്പും വാങ്ങുന്നതിനിടയില്‍ വീഡിയോ ചിത്രീകരിക്കുന്നത് ഫെയ്സ്ബുക്കില്‍ ഇടാനാണെന്ന് കടയുടമയായ സോനുവിനോട് സൂചിപ്പിക്കുന്നും ഉണ്ട് സുരഭി ലക്ഷ്മി. താന്‍ വാങ്ങിയ സാധനങ്ങള്‍ക്ക് എത്ര രൂപയായി എന്ന് സുരഭി ചോദിക്കുമ്പോള്‍, കണക്കു കൂട്ടാന്‍ പേന ഇല്ലാത്തതിനാല്‍ പൈസ പിന്നെയെടുക്കാം എന്നാണ് കടയുടമയുടെ മറുപടി.
അവസാനം ഗൂഗിള്‍ പേ ചെയ്യാമെന്ന് പറഞ്ഞാണ് സുരഭി ലക്ഷ്മി തിരിച്ച് പോകുന്നത്. അത്യാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന കടയാണ് ഒപ്പം തനിക്കും ആ ഭാഗത്തുള്ള ഒട്ടേറെപ്പേര്‍ക്കും ലോക്ഡൗണ്‍ സമയത്ത് തുണയായത് സോനു സൂപ്പര്‍മാര്‍ക്കറ്റ് ആണെന്നും വീട്ടില്‍ എത്തിയ ശേഷം സുരഭി ലക്ഷ്മി വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചെറിയ കടകളെ നാം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ കമന്റ് ചെയ്യാന്‍ പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ പ്രാദേശിക റിപ്പോര്‍ട്ടര്‍ കൂടിയായ സോനു, ലോക്ഡൗണ്‍ സമയം ആയതിനാല്‍ അച്ഛന്റെ കടയുടെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. ആ സമയത്താണ് സുരഭി ലക്ഷ്മി സാധനം വാങ്ങാന്‍ എത്തിയതും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതും. എന്തായാലും കോഴിക്കോട് വെള്ളിമാടുകുന്നു, അമ്പിളി നഗറിലെ സോനു സൂപ്പര്‍മാര്‍ക്കറ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക