ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലെങ്കിലും ഫോൺകോൾ വഴി കോവിഡ് വാക്സിനേഷനായി ബുക്ക് ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ചതായി ദേശീയ ആരോഗ്യ അതോറിറ്റി തലവൻ ആർ എസ് ശർമ അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പറായ ‘1075’ ൽ വിളിച്ച് കോവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ കഴിയും.
പ്രധാനമായും ഇന്റർനെറ്റ് ലഭ്യതക്ക് പ്രശ്നമുള്ള ഗ്രാമീണ മേഖലകളെ ലക്ഷ്യമിട്ടാണ് ഈ സംവിധാനം നടപ്പാക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
എല്ലാവർക്കും വാക്സിനേഷൻ ലഭ്യത ഉറപ്പാക്കുന്നതിനായി കോവിഡ് വാക്സിനേഷൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ 1075 എന്ന ഹെൽപ്പ്ലൈൻ നമ്പർ തുറന്നതായി ശർമ്മ പറഞ്ഞു. സർക്കാരുമായി പങ്കാളിത്തമുള്ള എല്ലാ പൊതു സേവന കേന്ദ്രങ്ങളിലൂടെയും ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ വാക്സിനേഷനായി ബുക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
കോവിൻ പ്ലാറ്റ്ഫോം സുതാര്യമാണെന്നും ശർമ പറഞ്ഞു. “ഒരു വിവിഐപിയാണെങ്കിലും അല്ലെങ്കിൽ ഒരു സാധാരണ പൗരനാണെങ്കിലും, വാക്സിനേഷനെക്കുറിച്ച് എല്ലാവർക്കും ഒരേ വിവരങ്ങളാണ് ലഭിക്കുക. ഇത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് സിസ്റ്റം മുൻഗണന നൽകുന്നില്ലെന്ന് ആളുകൾക്ക് ആത്മവിശ്വാസം നൽകുന്നു,” ശർമ പറഞ്ഞു.
മൂന്നാം കക്ഷി ആപ്ലിക്കേഷൻ ഡവലപ്പർമാർക്ക് അവരുടെ സ്വന്തം പ്ലാറ്റ്ഫോമുകളിൽ കോവിൻ എപിഐ സംയോജിപ്പിക്കാൻ കഴിയുമെന്നും ശർമ്മ അറിയിച്ചു. ഇതിലൂടെ വാക്സിനേഷനായി അത്തരം സ്ലോട്ടുകൾ നേരിട്ട് ബുക്ക് ചെയ്യാൻ ആളുകൾക്ക് കഴിയും.
ഇപ്പോൾ, കോവിഡ് -19 വാക്സിൻ സ്ലോട്ടുകൾക്കായി കോവിൻ പോർട്ടൽ വഴി മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ.
“മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾക്കായി ഞങ്ങൾ വളരെക്കാലം മുമ്പ് എപിഐകൾ പ്രസിദ്ധീകരിച്ചിരുന്നു, അതിനാൽ അവ പ്രതിരോധ കുത്തിവയ്പ്പുകൾക്കായി ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ഉപയോഗിക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു.
മൂന്നാം കക്ഷി സേവനങ്ങൾക്കായി കോവിൻ എന്ന വാക്സിൻ പോർട്ടലിനെ സംയോജിപ്പിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക