നാസയുടെ മാർസ് ക്യൂരിയോസിറ്റി റോവർ ചുവന്ന ഗ്രഹത്തിലെ തിളങ്ങുന്ന മേഘങ്ങളുടെ ചിത്രങ്ങൾ പിടിച്ചെടുത്തു. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഈ ചിത്രങ്ങളെടുക്കാൻ സാധിച്ചതെന്ന് നാസ വ്യക്തമാക്കി.
ചൊവ്വയിലെ അന്തരീക്ഷം സാധാരണയായി നേർത്തതും വരണ്ടതും തെളിഞ്ഞ കാലാവസ്ഥയിലുമുള്ളതാണ്. ഗ്രഹത്തിന്റെ മധ്യരേഖയിൽ വർഷത്തിലെ ഏറ്റവും തണുപ്പുള്ള സമയത്താണ് മേഘങ്ങൾ കാണപ്പെടുന്നത്. അതായത് ചൊവ്വ സൂര്യനിൽ നിന്ന് ഏറ്റവും അകലെയായി ഓവൽ ആകൃതിയിലുള്ള ഭ്രമണപഥത്തിൽ ആയിരിക്കുമ്പോൾ.
എന്നാൽ നാസയുടെ ക്യൂരിയോസിറ്റി റോവറിൽ പ്രതീക്ഷിച്ചതിലും നേരത്തെയാണ് മേഘങ്ങളുടെ ചിത്രങ്ങൾ ലഭിച്ചതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഈ വർഷം ജനുവരി അവസാനത്തോടെ, ടീം ഈ “ആദ്യകാല” മേഘങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. ഐസ് പോലെ തോന്നുന്ന പ്രതലത്തിൽ സൂര്യ രശ്മികൾ പതിക്കുമ്പോൾ തിളങ്ങുന്നത് ചിത്രത്തിൽ കാണാം.
റോവറിന്റെ മാസ്റ്റ് ക്യാമറ അഥവാ മാസ്റ്റ്കാം ആണ് ഈ വർണ്ണ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 2021 മാർച്ച് 5ന് എടുത്ത ചിത്രമാണിത്. റെഡ് പ്ലാനറ്റിലെ കൂടുതൽ വർണ്ണാഭമായ വസ്തുക്കളിൽ ഒന്നാണ് ഈ മേഘങ്ങൾ. “ചുവപ്പ്, പച്ച, നീല, പർപ്പിൾ എന്നിങ്ങനെ വിവിധ നിറങ്ങളിൽ ഈ മേഘങ്ങൾ കാണാനാകുമെന്ന് കൊളറാഡോയിലെ സ്പേസ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അന്തരീക്ഷ ശാസ്ത്രജ്ഞൻ മാർക്ക് ലെമ്മൺ പറഞ്ഞു.
മാർച്ച് 31ന്, ദൗത്യത്തിന്റെ 3,075-ാമത് ചൊവ്വ ദിനത്തിൽ ക്യൂരിയോസിറ്റിയിലെ നാവിഗേഷൻ ക്യാമറകൾ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പകർത്തിയിരുന്നു. “സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ, ഈ ഐസുകൾ മങ്ങിപ്പോകുന്ന പ്രകാശത്തിൽ തിളങ്ങും. ഈ സന്ധ്യാ മേഘങ്ങൾ “നോക്റ്റിലുസെന്റ്” (ലാറ്റിൻ ഭാഷയിൽ “നൈറ്റ് ഷൈനിംഗ്”) എന്നും അറിയപ്പെടുന്നതായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക