ആലപ്പുഴ : കൊല്ലത്ത് ഭര്‍തൃപീഡനത്തില്‍ വിസ്മയ ജീവനൊടുക്കി ഒരു ദിവസത്തിനുള്ളിലാണ് ആലപ്പുഴ വള്ളിക്കുന്നത്ത് 19 കാരി സുചിത്രയും ജീവിതം അവസാനിപ്പിക്കുന്നത്. സുചിത്രയുടെ മരണത്തില്‍ ഭര്‍തൃകുടുംബത്തിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. മൂന്നുമാസം മുമ്പ് വിവാഹിതയായ സുചിത്രയും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്.
സ്വർണ്ണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. പണം നൽകാത്തിതിന്റെ പേരിലായിരുന്നു പീഡനമെന്നും കുടുംബം പറയുന്നു. അതേസമയം, ഇപ്പോൾ പ്രതികരിക്കാനില്ലെന്നും പൊലീസ് വിശദമായി അന്വേഷിക്കട്ടെയെന്നും സുചിത്രയുടെ ഭർത്താവിന്റെ ബന്ധുക്കൾ പറഞ്ഞു.
മൂന്ന് മാസം മുൻപ് വിവാഹം ചെയ്ത് അയച്ച മകളുടെ അപ്രതീക്ഷിത വേർപാടിന്റെ കാരണങ്ങൾ കണ്ടെത്തണമെന്നാണ് കണ്ണീരോടെ ഈ കുടുംബം ആവശ്യപ്പെടുന്നത്. സ്ത്രീധനമായി പറഞ്ഞുറപ്പിച്ച സ്വർണ്ണവും കാറും നൽകിയാണ് സുചിത്രയുടെ വിവാഹം നടത്തിയത്.
ഇതിന് പുറമെ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഭർത്താവ് വിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു. പണം നൽകാൻ വൈകിയതിന്റെ പേരിൽ ഭർതൃവീട്ടിൽ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വർണ്ണം ലോക്കറിൽ സൂക്ഷിക്കുന്നതിന്റെ പേരിലും തർക്കമുണ്ടായെന്ന് സുചിത്രയുടെ കുടുംബം പറയുന്നു.
മകൾക്ക് ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങൾ ഇന്നലെ വീട് സന്ദർശിച്ച വനിത കമ്മീഷനോട് സുചിത്രയുടെ അച്ഛനും അമ്മയും വിശദീകരിച്ചിരുന്നു. തൂങ്ങി മരണത്തിലെ സംശയങ്ങൾ നീക്കാൻ പൊലീസ് വിശദമായി അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സുചിത്രയുടെ മുറിയിൽ നിന്ന് കിട്ടിയ മൊബൈൽ ഫോൺ പൊലീസിന്റെ പക്കലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക