ശരിയായ ജീവിതചര്യയിലൂടെയും സമീകൃത ആഹാരശീലങ്ങളിലൂടെയും പ്രമേഹത്തെ നമുക്ക് പടിക്കുപുറത്ത് നിർത്താൻ കഴിയും. പ്രമേഹ നിയന്ത്രണത്തിന് ഒറ്റമൂലികളോ കുറുക്കുവഴികളോ ഇല്ല. ആഹാരവുമായി ബന്ധപ്പെട്ട ഒരു രോഗമാണ് പ്രമേഹം. അതിനാൽത്തന്നെ പ്രമേഹമുണ്ടെന്ന് കേട്ടാൽ മിക്കവരും ആദ്യം ഒരു നേരം ആഹാരം ഒഴിവാക്കുകയാണ് സാധാരണ ചെയ്യുന്നത്. അല്ലെങ്കിൽ രാവിലെയും ഉച്ചയ്ക്കും ധാരാളം ആഹാരം കഴിച്ചതിന് ശേഷം രാത്രി ഗോതമ്പ് പലഹാരങ്ങൾ കഴിച്ച് ആഹാര നിയന്ത്രണം നടപ്പാക്കിയെന്ന് സമാധാനിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. മറ്റൊരു വിഭാഗക്കാർ പ്രമേഹമുണ്ടെന്നറിഞ്ഞാൽ കുറച്ച് ഷുഗറേ ഉള്ളൂ എന്ന് മനസ്സിലുറപ്പിച്ച് യാതൊരു ചിട്ടയും കൂടാതെ ആഹാരം കഴിച്ചും മരുന്ന് കഴിക്കാതെയും ഷുഗർനില പരിശോധിക്കാതെയും കഴിച്ചുകൂട്ടും. പക്ഷേ ഇവരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങളാകാം. ഷുഗർ നില കുറയാതെയിരുന്നാൽ ക്രമേണ നാമറിയാതെ തന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കും.
പ്രഭാതം
ശരീരത്തിനും മനസ്സിനും നവോൻമേഷം, വ്യായാമം ചെയ്യാൻ അനുയോജ്യമായ സമയം.ഒരുഗ്ലാസ് ചൂടുവെള്ളം കുടിച്ച് ശോധനയും കഴിഞ്ഞ ശേഷം ലഘു വ്യായാമങ്ങൾ ചെയ്യാം. നിത്യവും ഉള്ളംകാലിലും കൈയിലും ചെവിയിലും തലയിലും തേച്ച് കുളിക്കുന്നത് ഡയബറ്റിക് ന്യൂറോപ്പതിയെ തടയും. എണ്ണ തേച്ച് കുളിച്ച ശേഷം തലേ ദിവസം കുതിർത്തുവച്ച കുറച്ച് ഉലുവ അരച്ച് വെള്ളം ചേർത്ത് കുടിക്കാം. മിക്ക പ്രമേഹ രോഗികളിലും തോൾവേദന, കൈ ഉയർത്താൻ ബുദ്ധിമുട്ട്, കൈകാലുകൾക്ക് പെരുപ്പ് എന്നീ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. ഡയബറ്റിക് ന്യൂറോപ്പതിപോലെയുള്ള അസുഖങ്ങളുടെ ലക്ഷണമാണിവ. നിത്യേന എണ്ണ തേച്ച് ദേഹം വഴക്കിയെടുത്താൽ ഇവ ഒരു പരിധിവരെ മാറിക്കിട്ടും. ദിവസവും ഒന്നിൽ കൂടുതൽ ചായ കുടിക്കുന്നവരിൽ ഷുഗർ നില കുറയാറില്ല. സൂര്യ നമസ്കാരം, ശവാസനം, ധനുരാസനം, വജ്രാസനം, ത്രികോണാസനം എന്നിവയൊക്കെ പ്രമേഹരോഗികൾക്ക് ശീലിക്കാവുന്നതാണ്.
ഉച്ചഭക്ഷണം
ശരീരമാവശ്യപ്പെടുന്ന ആഹാരത്തെ സ്വീകരിച്ച് വേണ്ടാത്തവയെ അകറ്റി നിർത്താം. എന്നും തുടരാൻ സാധിക്കുന്നതും ലളിതവുമായ ഭക്ഷണക്രമം ശീലിക്കുക, കൃത്യസമയത്ത് ആഹാരം കഴിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം കുറഞ്ഞ അളവിൽ പലതവണയായി ആഹാരം കഴിക്കാൻ ശ്രമിക്കുക. ടിൻഫുഡുകൾ, ബേക്കറി പലഹാരങ്ങൾ, കോള തുടങ്ങിയവയെ മാറ്റി നിർത്തിയ ശേഷം നാരുകൾ ധാരാളമടങ്ങിയ ആഹാരങ്ങളെ കൂടെക്കൂട്ടാം. കുടുംബത്തിൽ ഒരാൾക്ക് പ്രമേഹം വന്നിട്ടുണ്ടെങ്കിൽ നാളെ നമ്മെളെയും പാരമ്പര്യത്തിന്റെ പേരിൽ പിടികൂടാം എന്ന ധാരണയോടെ ആഹാര നിയന്ത്രണത്തിൽ പങ്കുചേരാം. തവിടുള്ള ചുവന്ന അരിയിട്ട് നന്നായി വേവിച്ചെടുത്ത ചോറ് കുറഞ്ഞ അളവിൽ കഴിക്കാം. ആവിയിൽ വേവിച്ച പച്ചക്കറികൾ കൂടി സൈഡ് ഡിഷാക്കിയാൽ ന്യൂജെൻ പരിവേഷവും കിട്ടും. വെള്ളം തിളപ്പിച്ച് അരി ഇട്ട് വേവിക്കുന്നതിന് പകരം തലേദിവസം രാത്രി വെള്ളത്തിൽ ഇട്ടുവച്ച അരി ഉപയോഗിച്ച് ചോറ് വയ്ക്കുന്നതാണ് പ്രമേഹരോഗികൾക്ക് ഉത്തമം.
രാത്രി ഭക്ഷണം
രാത്രിയാഹാരം തീരെ ഒഴിവാക്കാതെ രണ്ട് ചപ്പാത്തിയോ സൂചിഗോതമ്പോ റാഗിക്കുറുക്കോ കഴിക്കാം. രണ്ട് ചപ്പാത്തിയിൽ കൂടുതൽ കഴിക്കുന്നത് ചോറ് കഴിക്കുന്നതിന് തുല്യമായി പോകും. ആഹാരം അമിതമായി കഴിക്കാതിരിക്കാൻ ആഹാരത്തിന് മുമ്പ് ഒരു ക്യാരറ്റോ മറ്റുപച്ചക്കറികളോ പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുക. ചിട്ടയായ ഭക്ഷണം, വ്യായാമം, ഉറക്കം, മരുന്ന് എന്നീ നാലുകാര്യങ്ങൾ ഒരുമയോടെ മുന്നോട്ട് കൊണ്ടുപോയാൽ പ്രമേഹമെന്ന ശത്രു മിത്രമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക