കൊല്ലം∙ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ‘കേരളത്തിലെ ഓരോ പെണ്‍കുട്ടിയും എന്റെ മകളാണ്. വിസ്മയയും എന്റെ മകളാണ്.’- അദ്ദേഹം വിതുമ്പലോടെ പറഞ്ഞു. സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി കേരളത്തില്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിസ്മയയുടെ വീട്ടിലെത്തി കുടുംബത്തെ കാണാനുള്ള ഗവര്‍ണറുടെ ഈ തീരുമാനവും അപൂര്‍വമായ വലിയ മാതൃകയാവുകയാണ്. ‘സന്നദ്ധ പ്രവര്‍ത്തകര്‍ സ്ത്രീധനത്തിനെതിരെ ശക്തമായി രംഗത്തുവരണം. സ്ത്രീധനം വാങ്ങുന്ന, കൊടുക്കുന്ന കല്യാണങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിക്കണം. സ്ത്രീധനം ചോദിച്ചാല്‍ ഈ ചെറുക്കനെ വേണ്ടെന്ന് പറയാന്‍ പെണ്‍കുട്ടികള്‍ തയാറാകണം.
പ്രളയകാലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വെറും 24 മണിക്കൂറിനുള്ളില്‍ 73,000 യുവജനങ്ങളാണ് എന്തിനും സജ്ജമായി മുന്നോട്ടുവന്നത്. എനിക്ക് കേരളത്തിലെ ജനങ്ങളെ സംശയമില്ല. വിസ്മയ എനിക്ക് മകളാണ്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും എന്റെ മക്കളാണ്..’– ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക