പ്രസവശേഷം സ്ത്രീകളിൽ 10 – 12 കിലോ വരെ ശരീരഭാരം വര്‍ദ്ധിക്കുന്നത് സാധാരണയാണ്. എന്നാല്‍ മുലയൂട്ടല്‍ കാലയളവിന് ശേഷവും തുടരുന്ന അമിതവണ്ണം ഭാവിയില്‍ പ്രമേഹം, ഹൃദ്രോഗങ്ങള്‍ മുതലായ ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമായേക്കാം. പാരമ്പര്യം, പ്രസവ രക്ഷാ മരുന്നുകള്‍, വിശ്രമവും പരിചരണവും മാറിയ ഭക്ഷണരീതി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ച ശരീരഭാരത്തിന് കാരണങ്ങളാണ്. ആയതിനാല്‍ പ്രസവത്തിനു ശേഷം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ശരീരഭാരം നിയന്ത്രിക്കുന്നതിന് ആദ്യത്തെ ആറു മാസം നടത്തുന്ന കഠിനമായ ഭക്ഷണനിയന്ത്രണം മുലപ്പാല്‍ ഉല്പാദനത്തെയും ഗുണനിലവാരത്തെയും ബാധിച്ചേക്കാം. കൂടാതെ ഈ സമയത്തെ ഭക്ഷണനിയന്ത്രണം ഭാവിയിലെ വിളര്‍ച്ച, ക്ഷീണം, എല്ലിന് തേയ്മാനം എന്നിവയിലേക്ക് നയിക്കാം. അതിനാൽ ആദ്യത്തെ ആറുമാസത്തില്‍ അമ്മമാരുടെ ഭക്ഷണക്രമം സമീകൃതവും മതിയായ പോഷകങ്ങള്‍ നിറഞ്ഞതുമായിരിക്കണം.
ഒരു ദിവസം 2 – 3 ലിറ്റര്‍ വരെ വെള്ളം, മുലയൂട്ടുന്ന അമ്മമാര്‍ കുടിക്കേണ്ടതാണ്. ഇത് നിര്‍ജ്ജലീകരണം, തളര്‍ച്ച, മുലപ്പാലിന്റെ അളവ് കുറയുക എന്നിവ ഒഴിവാക്കാന്‍ സഹായിക്കുന്നു. മുലയൂട്ടുന്ന സ്ത്രീകളുടെ ഭക്ഷണക്രമത്തില്‍ മുട്ട, പാല്, മീന്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, നട്സ് എന്നിവ ഉറപ്പായും ഉണ്ടാകണം. പ്രധാന ഭക്ഷണം കൂടാതെ ഇടവേളകളില്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഹെല്‍ത്തി സ്നാക്കുകള്‍ ശീലമാക്കണം. ഉദാഹരണത്തിന് ഓട്സ് മില്‍ക്ക്, അവല് മില്‍ക്ക്, നട്സ്, പഴങ്ങള്‍, സാലഡുകള്‍, റാഗി മില്‍ക്ക്, ഓംലറ്റ്, പുഴുങ്ങിയ പഴം, പയര്‍ പുഴുങ്ങിയത്, അവല് ശര്‍ക്കര മിക്സ് എന്നിവയെല്ലാം ഉത്തമമായ ഇടവേള ഭക്ഷണമാണ്.
ആറു മാസത്തിനു ശേഷം കുഞ്ഞിന് ചെറുഭക്ഷണമായി കുറുക്ക് പോലുള്ള ഭക്ഷണം കൊടുത്തു തുടങ്ങുമ്പോള്‍ അമ്മയ്ക്ക് ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണരീതിയിലേക്കും ജീവിതരീതിയിലേക്കും പതിയെ മാറാവുന്നതാണ്. ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അനുയോജ്യമായ ശരീരഭാരവും ഒരു ഭക്ഷണരീതിയും മനസ്സിലാക്കിയതിനുശേഷം ഡയറ്റിങ് തുടങ്ങുക. എന്നാൽ യോഗ, എയറോബിക് എക്സർസൈസ്, മസില് സ്ട്രെങ്തനിങ് ആക്ടിവിറ്റി എന്നിവ ഒരു ട്രെയിനറുടെ സഹായത്താല്‍ മാത്രം ചെയ്യുക. പ്രസവത്തിനു മുന്‍പ് ഉണ്ടായിരുന്ന അതേ ശരീരവടിവും ആകാരഭംഗിയും വേണം എന്ന നിര്‍ബന്ധത്തില്‍ പലതരത്തിലുള്ള ഡയറ്റ് രീതികള്‍ പരീക്ഷിക്കരുത്.
ശരീരഭാരം കുറയ്ക്കുന്ന കാലയളവില്‍ പഞ്ചസാര, മധുരപലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങൾ, ചിപ്സ് പോലെയുള്ള അമിത കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. ഇടവേളകളില്‍ സലാഡ്, മോരുവെള്ളം, സൂപ്പ്, പഴങ്ങള്‍, നട്സ് എന്നിവ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുന്നതിനും ക്ഷീണം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ഒപ്പം തന്നെ പതിവായി വ്യായാമവും ചെയ്യാന്‍ മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക