തിരുവനന്തപുരം: ഭിന്നശേഷിക്കാരായ സ്ത്രീകൾക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനായി പ്രതിമാസം 2000 രൂപ വീതം രണ്ടുവർഷം വരെ ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആർപിഡബ്ല്യുഡി ആക്ട് അനുശാസിക്കുന്ന 21 തരം വൈകല്യ ബാധിതർക്ക് ആനുകൂല്യം ലഭിക്കും.
നിർദ്ദിഷ്ട ഫോറത്തിൽ ആവശ്യമായ രേഖകൾ സഹിതം പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ നൽകണം.കൂടുതൽ വിവരങ്ങൾ പത്തനംതിട്ട ജില്ല സാമൂഹ്യനീതി ഓഫീസിൽ നിന്നും അറിയാം. ഫോൺ: 0468 2325168.
പ്രസവശേഷം ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, വൈകല്യം സംബന്ധിച്ച് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഗുണഭോക്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
ഒരാൾക്ക് പരമാവധി രണ്ടു തവണ മാത്രമേ ആനുകൂല്യം അനുവദിക്കുകയുള്ളൂ. ഗുണഭോക്താവ് സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലയിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ദമ്പതികൾ രണ്ടുപേരും വൈകല്യബാധിതരാണെങ്കിൽ മുൻഗണന ലഭിക്കും. ഇത്തരം അപേക്ഷകളിൽ രണ്ടു പേരുടെയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. (ഭർത്താവിന്റെ വൈകല്യശതമാനം 40% ന് മുകളിൽ ആയിരിക്കണം).
കുട്ടിക്കും വൈകല്യം ഉണ്ടെങ്കിൽ പീഡിയാട്രീഷൻ നൽകുന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകും. മൾട്ടിപ്പിൾ ഡിസബിലിറ്റി വിഭാഗത്തിൽ ഡെഫ് ബ്ലൈൻഡ്നസിന് ആദ്യ പരിഗണനയും ഇന്റലക്ച്വൽ ഡിസബിലിറ്റി തരങ്ങൾക്ക് രണ്ടാം പരിഗണനയും നൽകും. ആകെ 100 പേർക്ക് മാത്രമാണ് ഒരു വർഷം വിപുലീകരിച്ച പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക