തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ വിവരങ്ങളറിയാൻ പുതിയ കൊവിഡ്- 19 ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ സംവിധാനം. പോർട്ടൽ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പൊതുജനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ പോർട്ടൽ. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങൾ തിരയുന്നതിനുള്ള ഓപ്ഷൻ പോർട്ടലിലുണ്ട്.
സർക്കാർ ഔദ്യോഗികമായി കൊവിഡ് മരണമാണെന്ന് റിപ്പോർട്ട് ചെയ്തവ എല്ലാം ഈ പോർട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ പോർട്ടലിൽ നിന്ന് വിവരങ്ങൾ ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കൊവിഡ് മരണങ്ങളുടെ, ഡിഎംഒ. നൽകുന്ന ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് കഴിയുന്നതാണ്.
നിലവിൽ 22.07.2021 വരെയുള്ള മരണങ്ങൾ ലഭ്യമാണ്. 22.07.2021 ന് ശേഷം പ്രഖ്യാപിച്ച മരണങ്ങൾ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. പോർട്ടലിന്റെ ലിങ്ക്: https://covid19.kerala.gov.in/deathinfo/
പ്രതികരിക്കാൻ ഇവിടെ എഴുതുക