ജന്മദിനത്തിൽ ഫഹദിന് ആശംസകൾ നേരുകയാണ് നടിയും ഭാര്യയുമായ നസ്രിയ. “എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാൻ ഇഷ്ടമുള്ള ആൾക്ക് ജന്മദിനാശംസകൾ. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ,” നസ്രിയ കുറിക്കുന്നു.
ഒരു നടന്റെ അഭിനയ സാധ്യതകളുടെ പുത്തൻ മേച്ചിൽപ്പുറങ്ങളാണ് ഓരോ കഥാപാത്രത്തിലും ഫഹദ് തേടുന്നത്. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ മുതലിങ്ങോട്ട് ‘മാലിക്’ വരെയുള്ള ചിത്രങ്ങളിൽ പ്രകടമായി കാണാവുന്നത് ഫഹദിലെ ‘ഫ്ളെക്സിബിൾ’ ആയ നടനെ തന്നെയാണ്.
ഒരു നടനെന്ന നിലയിൽ തന്റെ തന്നെ പരിമിതികളെ മറികടക്കാനും തന്റെ പ്രതിഭയുടെ പുതിയ മാനങ്ങൾ കണ്ടെത്താനുമാണ് ഫഹദ് ശ്രമിക്കുന്നത് എന്നതു തന്നെയാവാം ഫഹദ് മലയാളിയ്ക്ക് മുന്നില് കാഴ്ച വയ്ക്കുന്ന വൈവിധ്യങ്ങളുടെ അടിസ്ഥാനം.
താരപദവിയുടെ തടവറകളിലേക്ക് ഒതുങ്ങാതെ, തന്നിലെ നടനെ കഥാപാത്രങ്ങൾക്കായി വിട്ടു കൊടുക്കുകയാണ് ഫഹദ്. ‘ഹീറോ’ പരിവേഷങ്ങളിലേക്ക് കൂടു മാറാതെ നടൻ എന്ന ‘പ്രിമൈസി’ൽ തന്നെ അയാൾ നിലയുറപ്പിക്കുന്നു എന്നതും സമകാലികരായ മറ്റു താരങ്ങളിൽ നിന്നും ഫഹദെന്ന നടനെ വ്യത്യസ്തനാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക