പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യമിത്ര ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിട്ടും പണം ലഭിക്കാതെ ഒരു ‘കോടീശ്വരന്’. പാലക്കാട് അയിലൂര്‍ സ്വദേശി മണിയാണ് കയ്യില്‍ കാശൊന്നുമില്ലെങ്കിലും ‘ലോട്ടറി കോടീശ്വരന്’ എന്ന വിളിപ്പേരുമായി ദുരിത ജീവിതം നയിക്കുന്നത്.
കഴിഞ്ഞ ജനുവരി 3 ന് നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിട്ട് എട്ടുമാസം കഴിഞ്ഞിട്ടും സമ്മാനത്തുക കിട്ടാതെ നട്ടം തിരിയുകയാണ് മണിയും കുടുംബവും.
ലോട്ടറി അടിച്ച കാശുകാരനെ ആരും പണിക്ക് വിളിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ മണി ജീവിക്കുന്നത്. ഹൃദ്രോഗിയായ അമ്മയുടെ ചികിത്സക്കായുള്ള പണം പോലും കണ്ടെത്താനും കുടുംബം കഷ്ടപ്പെടുകയാണ്.
മകളുടെ വിവാഹം നിശ്ചയിച്ചുവെങ്കിലും ഇതിനുള്ള പണവും ഈ കുടുംബത്തിന്റെ പക്കലില്ല. ജീവിതം ദിനം പ്രതി ദുരിതത്തിലേക്ക് നീങ്ങുമ്പോളും നാട്ടുകാര്‍ ഉള്‍പ്പെടെ പണം ലഭിച്ചെന്നാണ് കരുതിയിരിക്കുന്നത് എന്നും കുടുംബം പ്രതികരിച്ചു.
ജനുവരി രണ്ടാം തിയതിയാണ് കയറാടിയില്‍ കട നടത്തുന്ന രാമകൃഷ്ണേട്ടന്റെ പക്കല്‍ നിന്നും മണി ലോട്ടറി എടുത്തത്. ബിഎം 429076 എന്ന നമ്പറില്‍ പിന്നാലെ മണിയെ തേടി ഭാഗ്യമെത്തി.
ഭാഗ്യമിത്ര ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം മണിയെ തേടിയെത്തി. സമ്മാനം ലഭിച്ച അന്ന് തന്നെ സമീപത്തുള്ള സഹകരണ ബാങ്കില്‍ ടിക്കറ്റും മറ്റു രേഖകളും സമര്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ തന്നെ ഒരുപാട് സ്വപ്നങ്ങളും ഈ കുടുംബം നെയ്ത് കഴിഞ്ഞിരുന്നു.
എന്നാല്‍, പിന്നീടുള്ള ദിവസങ്ങള്‍ പ്രതീക്ഷകള്‍ എല്ലാം മാറ്റി മറിയ്ക്കുന്ന അനുഭവങ്ങളായിരുന്നു കുടുംബം നേരിട്ടത്. ടിക്കറ്റും മറ്റു രേഖകളും സമര്‍പ്പിച്ച പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സമ്മാനത്തുക കൈപ്പറ്റാന്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ച് ടിക്കറ്റ് തിരിച്ചു നല്‍കുകയായിരുന്നു.
അപ്പോള്‍ തന്നെ മൂന്ന് മാസം പിന്നിട്ടിരുന്നു. തുടര്‍ന്ന് കേരള ബാങ്കിന്റെ നെന്മാറ ശാഖയില്‍ ലോട്ടറിയും രേഖകളും സമര്‍പ്പിച്ചു. പിന്നാലെ ലോക്ഡൗണ്‍ എത്തി. അങ്ങനെ 8 മാസങ്ങള്‍ കടന്നുപോയി.
എന്ന് സമ്മാനം ലഭിക്കുമെന്ന് അറിയാന്‍ തിരുവനന്തപുരത്തുള്ള ലോട്ടറി ഡയറക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ സമ്മാന തുക ലഭിക്കുമെന്ന മറുപടി ലഭിച്ചെങ്കിലും മറ്റ് ഉറപ്പുകള്‍ ഒന്നും ലഭിച്ചില്ലെന്നും മണിയും കുടുംബവും പറയുന്നു.
ലോട്ടറി സമ്മാനത്തുക തുക പ്രതീക്ഷിച്ച് പ്രാഥമിക സഹകരണ സംഘംവഴി എടുത്ത 50,000 രൂപയുടെ വായ്പ പോലും തിരിച്ചടക്കാന്‍ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലാണ് മണിയും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക