റാഞ്ചി: ഝര്ഖണ്ഡിലെ ദുംക ജില്ലയില്‍ വിവാഹിതനുമായുള്ള ബന്ധത്തിന്റെ പേരില്‍ യുവതിയെ കഴുത്തില്‍ ചെരിപ്പ് മാല അണിയിച്ച് നഗ്നയാക്കി നടത്തിച്ചു. ശനിയാഴ്ച റാണീശ്വര് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.
യുവതിയും വിവാഹിതയാണ്. ഒളിച്ചോടിയ ഇരുവരെയും ബുധനാഴ്ച രാത്രി വിവാഹിതന്റെ ഭാര്യയുടെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരാണ് യുവതിയെ വിവസ്ത്രയാക്കിയ ശേഷം കഴുത്തില്‍ ചെരിപ്പ് മാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ 12 പേരുടെ പേരുകള്‍ ഉള്‍പെടുത്തിയിട്ടുണ്ട്. വിവാഹിതനും അയാളുടെ ഭാര്യയുമുള്‍പ്പെടെ ആറ് പേര് ഇതിനോടകം അറസ്റ്റിലായതായി പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക