സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരാഴ്ചത്തേക്ക് ഉൽപാദനം നിർത്തിവയ്ക്കാന്‍ ഒരുങ്ങുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെപ്റ്റംബർ മാസത്തിൽ 20-25 ശതമാനം വരെ മൊത്തം ഉൽപാദനത്തിൽ കുറവു വരുമെന്ന് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.
ആവശ്യമായ സൂപ്പർകണ്ടക്ടർ ചിപ്പുകൾ എത്താത്തതാണ് അടച്ചിടലുകളിലേക്ക് നയിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ആഗോളതലത്തില്‍ ഇതേ പ്രതിസന്ധി നിലനിൽക്കുണ്ട്.
മഹീന്ദ്രയുടെ ട്രാക്ടർ, ട്രക്കുകൾ, ബസുകൾ, ത്രീവീലർ എന്നിവയുടെ ഉൽപാദനത്തെയും കയറ്റുമതിയെയും ഇത് ബാധിക്കില്ല.
2020ൽ കൊവിഡ് ലോകത്ത് പിടിമുറുക്കിയതോടെ ഉൽപാദനം കുറഞ്ഞതാണ് ചിപ്പുകൾ ലോക വിപണിയിൽ ആവശ്യത്തിന് ലഭ്യമല്ലാതാക്കിയത്.
വിവിധ മേഖലകളിൽ ഒരേ പ്രതിസന്ധിയായി ഇത് നിലനിൽക്കുന്നുണ്ട്. അടുത്ത വർഷം വരെ തുടരുമെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബറിലെ ഉൽപാദനത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ മാരുതിയും സൂചിപ്പിച്ചിരുന്നു.
ഹരിയാന, ഗുജറാത്ത് പ്ലാൻറുകളിലെ ഉൽപാദനത്തെ ബാധിക്കുമെന്നാണ് മാരുതി വ്യക്തമാക്കിയിരുന്നത്. ഇതേകാരണത്താല്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക