ചെറുതോണി: ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ചു. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഇതുവരെ ഡാമിൽ എത്തിയില്ലെന്നും, വന്നാലും ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.
രണ്ട് ദിവസമായി മഴയും നീരൊഴുക്കും കുറവാണ്. മുല്ലപ്പെരിയാറിലെ ജലം ഇതുവരെ ഡാമിലേക്ക് എത്തിയില്ല. രാത്രിയോടെ ജലം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് വന്നാലും ഡാം തുറക്കേണ്ട സാഹചര്യം ഇല്ല.
മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ് ഇബി അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്തത നിലവിൽ ഡാമിനുണ്ട്.അതിനാൽ ആശങ്ക വേണ്ടെന്നും മുൻകരുതലിന്റെ ഭാഗമായാണ് റെഡ് അലർട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്റ്റന്റ് എഞ്ചിനീയർ പറഞ്ഞു.
ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 30 സെന്റി മീറ്റർ വീതം ഉയർത്തിയത്. സെക്കന്റിൽ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക