വിവാഹ വിരുന്നിൽ ഭക്ഷണം കഴിച്ച് വിഷബാധയേറ്റ കുട്ടികളിൽ ഒരാൾ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യമിനാണ് മരിച്ചത്. രണ്ടര വയസ്സായിരുന്നു. ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികളും ചികിത്സയിലാണ്. വിവാഹവീട്ടിൽ നിന്നും പാർസലായി കൊണ്ടു വന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലേയും ബന്ധുവീടുകളിലേയും കുട്ടികളിലാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
കഴിഞ്ഞ ദിവസമാണ് വിവാഹവീട്ടിൽ നിന്നും ഭക്ഷണം പാർസലായി കൊണ്ടു വന്നത്. തുടർന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ അക്ബറിന്റെ മകൻ മുഹമ്മദ് യമിന് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകമായിരുന്നു. യമിനെ കൂടാതെ 11 കൂട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 4 പേർ ആശുപത്രി വിട്ടു. കുട്ടികളെ മാത്രമാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ചിക്കൻ കൊണ്ടുള്ള വിഭവം കഴിച്ച കുട്ടികളിലാണ് ആരോഗ്യപ്രശ്നം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക