ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 184 പേര് കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 183 പേരും മാസ്ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ഒരാളെയും പിടികൂടി.എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് തുടരണമെന്നാണ് നിലവിലെ നിര്‍ദേശം.
അതേസമയം തുറസായ പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ മാസ്ക് നിര്‍ബന്ധവുമില്ല. എന്നാല്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ മാസ്ക് ധരിക്കണം. ഇതിന് പുറമെ പള്ളികള്‍, സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക