പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘ഹൃദയ’ത്തിന്റെ ടീസർ പുറത്ത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്.
ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. മെറിലാന്റ് സിനിമാസിന്റെ 70-ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. അജു വർഗ്ഗീസ്,വിജയരാഘവൻ, ജോണി ആന്റണി, അശ്വത് ലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം തരംഗമായി മാറിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ ദർശന എന്ന ഗാനം 12 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. 2022 ജനുവരിയിൽ ചിത്രം മെറിലാന്റ് സിനിമാസ് പ്രദർശനത്തിനെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക