തിരുവനന്തപുരം: മകളുടെ മരണ ശേഷം കാണാതായ അമ്മയെ പത്തു വർഷത്തിന് ശേഷം ഒഡീഷയിൽ നിന്ന് കണ്ടെത്തി. പോത്തൻകോട് കൊടിക്കുന്നിൽ സ്വദേശി ശാന്തയെയാണ് കണ്ടെത്തിയത്.
മകൾ അനു നന്ദന ട്രെയിനിൽ നിന്ന് വീണ് മരിച്ചതിനെത്തുടർന്ന് ശാന്തക്ക് മാനസികപ്രശ്നങ്ങളുണ്ടായി.
മകളുടെ മരണത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്ന ശാന്തയെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. തുടർന്ന് പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഒടുവിൽ മാനസികാസ്വാസ്ഥ്യങ്ങളുള്ള നിലയിൽ 2020 ഏപ്രിൽ 20ന് ആസിയ മിഷൻ എന്ന സന്നദ്ധ സംഘടനയാണ് ശാന്തയെ ഒഡീഷയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് ആസിയ മിഷൻ പ്രവർത്തകർ ശാന്തയെ വെസ്റ്റ് മുംബൈയിലെ ശ്രദ്ധ ഫൗണ്ടേഷന്റെ പരിചരണത്തിലാക്കി.
പിന്നീട് ഇവരുടെ വിലാസം തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനൊടുവിലാണ് പോത്തൻകോട് നിന്നാണ് ശാന്തയെ കാണാതായതെന്ന് കണ്ടെത്തിയത്. തുടർന്ന് സന്നദ്ധ സംഘടന ഇടപെട്ട് ശാന്തയെ പോത്തൻകോട് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയതിന് ശേഷം ശാന്തയെ സഹോദരനൊപ്പം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക