പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജ് ഹോസ്റ്റലിൽ എ. ബി.വി.പി. എസ്.എഫ്.ഐ സംഘർഷം. എ.ബി.വി.പി പ്രവർത്തകർ ഹോസ്റ്റലിൽ കയറി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് എ.ബി.വി.പി പ്രവർത്തകർ ഹോസ്റ്റലിൽ സംഘര്‍ഷമുണ്ടാക്കിയത്.
എ.ബി.വി.പി പ്രവര്‍ത്തകര്‍ ബോയ്സ് ഹോസ്റ്റലില്‍ കയറി എസ്.എഫ്.ഐ പ്രവര്‍ത്തകരെയും മറ്റു വിദ്യാര്‍ഥികളെയും ആക്രമിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം എ.ബി.വി.പിയുടെ സംസ്ഥാന സമ്മേളനം പാലക്കാട് നടന്നിരുന്നു. ഇതിന്റെ തോരണങ്ങള്‍ അഴിക്കാനായി എത്തിയ പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് എ.ബി.വി.പിയുടെ വാദം. തുടര്‍ന്ന് ഇതിന് പകരം ചോദിച്ചുവെന്നാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ പറയുന്നത്.
പരിക്കേറ്റ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കും നേരത്തെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്തു വിക്ടോറിയ കോളേജ്, സിപിഎം ജില്ലാ കമ്മറ്റി ഓഫീസ്, വിദ്യാർഥികൾ ചികിത്സയിൽ ഉള്ള ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക