ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 60 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 69 പേര് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗമുക്തരായി. ഈ ദിവസങ്ങളില്‍ കൊവിഡ് മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാജ്യത്ത് ഇതുവരെ 3,04,843 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,191 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4113 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെപ്പോലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആകെ ഒന്‍പത് കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ട് പേര് ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക