നിങ്ങൾക്ക് അകാലനരയുണ്ടോ.. ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ.. തീർച്ചയായും അകാലനരയെ ചെറുക്കാൻ കഴിയും. ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും അകാലനരയെ ചെറുക്കാനും സാധിക്കും.
പ്രായമാകുമ്പോൾ തലയോട്ടിയിലെ കൊളാജൻ ഉൽപ്പാദിപ്പിക്കുന്ന ഫൈബ്രോബ്ലാസ്റ്റുകൾ ഗണ്യമായി കുറയുന്നു. ചിലപ്പോൾ ഈ അവസ്ഥ ചെറുപ്പ കാലത്തും സംഭവിക്കാം. പുകവലി, മലിനീകരണം, സൗരവികിരണം എന്നിവ അകാലനരയ്ക്ക് കാരണമാകും.
ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ തടയാനാകും. മുടിയുടെ ആരോഗ്യത്തിന് മൈൽഡ് ഒരു ഷാംപൂ ഉപയോഗിക്കുക, കൂടാതെ ഒരു മാസ്കും കണ്ടീഷണറും ഉപയോഗിക്കുകയാണെങ്കിൽ, അവ മുടിയെ കൂടുതൽ മികവുള്ളതാക്കും.
പ്രധാനമായും അകാലനര ജനിതക കാരണം കൊണ്ടാണെങ്കിലും തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവും വൈറ്റമിൻ ബി12, സിങ്ക്, സെലിനിയം, കോപ്പർ, വൈറ്റമിൻ ഡി എന്നിവയുടെ അപര്യാപ്തതയുമാണ് പലപ്പോഴും അകാലനരയ്ക്ക് കാരണമാവുന്നത്. 25 വയസ്സിന് മുൻപ് മുതൽ മുടി നരയ്ക്കുന്നതാണ് അകാലനരയായി കണക്കാക്കുന്നത്.
സിങ്ക്, മഗ്നീഷ്യം, സെലിനിയം, കോപ്പർ, സിങ്ക്, അയേൺ തുടങ്ങി എല്ലാവിധ ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് കടൽപ്പായൽ അഥവാ സീവീഡ്. ഇത് മുടിക്ക് വളരെ നല്ലതാണ്. കറുത്ത എള്ള്, ബ്ലാക്ക് ബീൻസ് (സോയ പയർ), കരിംജീരകം എന്നിവ ഭക്ഷണത്തിൽ പതിവാക്കുക. നെല്ലിക്ക കഴിക്കുക. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
വീറ്റ് ഗ്രാസ് (ഗോതമ്പു പുല്ല്), ബാർലി ഗ്രാസ് എന്നിവയും അകാലനരയെ തടയാൻ അത്യുത്തമമാണ്. കാറ്റലേസ് ധാരാളമായി അടങ്ങിയ മധുരക്കിഴങ്ങ്, കാരറ്റ്, വെളുത്തുള്ളി, ബ്രോക്കോളി തുടങ്ങിയവ കഴിക്കുക.
പഞ്ചസാര, പാലുൽപ്പന്നങ്ങൾ, ശുദ്ധീകരിച്ച മാവ്, പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അകാലനര ഇല്ലാതെ ആരോഗ്യമുള്ള മുടി സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക