തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് പുതുതായി തുടങ്ങിയ ലുലു മാളിലേക്ക് ബസ് സർവ്വീസുകൾ കെഎസ്ആർടിസി ആരംഭിച്ചു .
നഗരകേന്ദ്രമായ തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും പ്രത്യേക ലോഫ്ലോർ, എസി ബസ് സർവ്വീസുകളാണ് കെഎസ്ആർടിസി തുടങ്ങിയത്.
യാത്രക്കാരുടെ ആവശ്യാനുസരണമാണ് സർവ്വീസുകൾ തുടങ്ങുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
തമ്പാനൂർ ത്രിരുവനന്തപുരം സെൻട്രൽ) നിന്നും ആരംഭിച്ച് കിഴക്കേകോട്ട (സിറ്റി ബസ്റ്റാന്റ്) വഴി ലുലു മാളിലേക്ക് എത്തുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 9.00 മണിക്ക് ആരംഭിച്ച് രാത്രി 10.00 മണി വരെ തുടരുന്ന രീതിയിൽ എ.സി ലോ ഫ്ലോർ ബസുകളാണ് സർവ്വീസിനായി ഒരുക്കിയിട്ടുള്ളത്.
ഒരാൾക്ക് ലുലു മാളിലേക്ക് പോകാൻ 50 രൂപയാണ് ടിക്കറ്റ് നിരക്ക്. കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം സെൻട്രൽ, സിറ്റി യൂണിറ്റുകളിൽ ലുലു മാളിലേക്ക് എത്തുന്ന യാത്രക്കാരുടെ സ്വകാര്യവാഹനങ്ങൾ പാർക്കുചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക