ദിലീപും നാദിർഷയും ആദ്യമായി ഒന്നിച്ച ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിന് മികച്ച പ്രതികരണം. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ 67കാരനായ കേശുവേട്ടനായി ദിലീപ് മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ആസ്വാദകർ അഭിപ്രായപ്പെടുന്നു.
നടി ഉർവശിയാണ് ദിലീപിന്റെ ഭാര്യയുടെ വേഷത്തിൽ ചിത്രത്തിലെത്തുന്നത്. ഇരുജോടികളുടെയും കെമിസ്ട്രിയും ചിത്രത്തിന്റെ ആകർഷണമാണ്. സിനിമയിലെ സഹപ്രവർത്തകർക്കായി പ്രത്യേക പ്രിവ്യു ഷോ കേശു ടീമിന്റെ അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു.
‘വളരെ കാലമായി നമ്മൾ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തിൽ മറ്റൊരാളായി പകർന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണത്. അത്തരമൊരു പെർഫോമൻസാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ഈ സിനിമയിൽ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളർച്ച മാത്രം.’–ചിത്രത്തിന്റെ പ്രിവ്യു കണ്ടിറങ്ങിയ ശേഷം സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.
ദിലീപ്, കാവ്യ മാധവൻ, സത്യൻ അന്തിക്കാട്, അനു സിത്താര, രമേശ് പിഷാരടി, ഹരീഷ് കണാരൻ, ബെന്നി പി. നായരമ്പലം, അനൂപ് സത്യൻ, നാദിർഷ തുടങ്ങി നിരവധിപേർ പ്രിവ്യുവിന് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക