പ്രായമാകുമ്പോള്‍ ചർമ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാം. ശരീരത്തിൽ ചുളിവുകളുംവരകളും വീഴാം. അതോടൊപ്പം നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാവുകയും ചെയ്യും.
ചർമ്മ സംരക്ഷണത്തിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്…പപ്പായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. ഇതിനായി ആദ്യം പഴുത്ത പപ്പായ പേസ്റ്റ് പരുവത്തിലാക്കാം. ശേഷം ഇവ തേനും കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും.
രണ്ട്…ഉരുളക്കിഴങ്ങും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ഇതിനായി ആദ്യം ഒരു ഉരുളക്കിഴങ്ങ് പകുതിയായി മുറിക്കുക. മുറിച്ചതില്‍ ചെറിയ ഭാഗം വെളളത്തില്‍ ഇടുക. കുതിര്‍ന്നതിന് ശേഷം ഉരുളക്കിഴങ്ങ് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം മുഖം നന്നായി കഴുകാം. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് ഗുണം ചെയ്യും.
മൂന്ന്…ശുദ്ധമായ വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടുന്നത് തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ചർമ്മത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു. ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പിന്റെ സാന്നിധ്യം സഹായിക്കുന്നു. സുഷിരങ്ങൾ ഇല്ലാതാക്കുന്നത് വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു.
നാല്…ഓട്സ് ചർമ്മത്തിന് നിറം കൂട്ടാനും തിളക്കം കൂട്ടാനും സഹായിക്കും. തേനുമായോ ബദാം പാലുമായോ ചേർത്ത് ഓട്സ് ഉപയോഗിക്കാം. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമ്മത്തിന്റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക