കൗമാരക്കാരുടെ കോവിഡ് വാക്സീനേഷൻ റജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. കോവിൻ പോർട്ടലിലോ സ്കൂളുകൾ വഴിയോ റജിസ്ട്രേഷൻ നടത്താം. തിങ്കളാഴ്ചയാണ് കുട്ടികളുടെ വാക്സിനേഷന് തുടങ്ങുന്നത്. ഇനിയും കുത്തിവയ്പെടുക്കാനുള്ള മുതിർന്നവർക്കായി ഇന്നും നാളെയും വാക്സിനേഷൻ യജ്ഞം നടത്തും.
കാത്ത് കാത്തിരുന്ന കൗമാരക്കാരുടെ കുത്തിവയ്പ് നടപടികൾ തുടങ്ങുന്നു. 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷനായി ഓൺലൈനായും സ്പോട്ട് റജിസ്ട്രേഷനിലൂടെയും അപേക്ഷിക്കാം. കോവിൻ പോർട്ടലിൽ ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന റജിസ്റ്റര്‍ സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണിൽ ആദ്യം ക്ലിക്ക് ചെയ്യണം. മൊബൈല്‍ നമ്പറും തുടർന്ന് ഒടിപിയും നൽകി വെരിഫൈ ചെയ്യണം. ഫോട്ടോ ഐഡി പ്രൂഫ് കോളത്തില്‍ ആധാറോ സ്കൂള്‍ ഐഡി കാര്‍ഡോ തെരെഞ്ഞെടുക്കാം. ഫോട്ടോ ഐഡിയുടെ നമ്പരും പേരും ജനിച്ച വര്‍ഷവും നല്‍കണം. റജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താൽ പൂർത്തിയായി. ഇതുപോലെ ആഡ് മോര് ഓപ്ഷന് നല്കി മറ്റ് മൂന്ന് പേരെ കൂടി റജിസ്റ്റര്‍ ചെയ്യാനാകും.
2007ലോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും അപേക്ഷിക്കാം. റജിസ്റ്റര്‍ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്ത് തീയതിയും വാക്സീനേഷൻ കേന്ദ്രവും തിരഞ്ഞെടുക്കാം. 15,34,000 കുട്ടികളാണ് സംസ്ഥാനത്ത് കുത്തിവയ്പിന് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക