ഫാറ്റി ലിവർ ഒരു ജീവിതശൈലി രോഗമാണ്. ജീവിതശെെലി മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ തടയാം. സങ്കീർണമായ നിരവധി ധർമ്മങ്ങൾ ശരീരത്തിൽ നിർവഹിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരൾ.
കൊളസ്ട്രോളിനെ രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും കൂടാതെ കൊളസ്ട്രോൾ നിർമാണവും സംസ്കരണവും നടക്കുന്നത് കരൾകോശങ്ങളിലാണ്. ഫാറ്റി ലിവർ പ്രധാനമായും രണ്ടു തരത്തിലുണ്ട്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. സ്ഥിരമായി മദ്യപിക്കുന്നവരിൽ 90% പേരിലും ഈ രോഗാവസ്ഥ കാണപ്പെടുന്നുണ്ട്.
യുഎസിലും യൂറോപ്പിലും 25 മുതൽ 30 ശതമാനം വരെ ആളുകളെ NAFLD (Nonalcoholic fatty liver disease) ബാധിച്ചിട്ടുള്ളതായി 2017 ലെ ഒരു ഗവേഷണത്തിൽ പറയുന്നു. തുടക്കത്തിൽ ഫാറ്റി ലിവർ ഉൾപ്പെടെ മിക്ക കരൾ രോഗങ്ങൾക്കും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല.
മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽചെക്കപ്പിന്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂർഛിക്കുമ്പോൾ മാത്രം ചില ലക്ഷണങ്ങൾ കണ്ടേക്കാം. അടിവയറ്റിൽ വേദന, തലചുറ്റൽ, ക്ഷീണം, അസ്വസ്ഥത, ഭാരകുറവ് എന്നിവ ചിലർക്ക് അനുഭവപ്പെടാറുണ്ട്. ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…
1. ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്.
2∙ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.
3. പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. ഇത് ഫാറ്റി ലിവർ ഉണ്ടാക്കും.
4.∙ ഫാറ്റി ലിവർ പ്രശ്നമുള്ളവർ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്.
5. സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് നിർത്തുക. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പണ്ടുമുതലേ പഠനങ്ങൾ തെളിയിച്ചതാണ്. ഇവയുടെ ഉപയോഗം ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിയ്ക്കും കാരണമാകും.
ഫാറ്റി ലിവർ പിടിപെടാതിരിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ…
പാലക് ചീര, ബ്രോക്കോളി, കാബേജ് എന്നിവ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
സോയാ പ്രോട്ടീൻ കരളിൽ കൊഴുപ്പടിയുന്നത് കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. സോയാ പ്രോട്ടീൻ ഉത്പന്നങ്ങളായ ടോഫു മുതലായവ കൊഴുപ്പു കുറഞ്ഞതും ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയതുമാണ്. ഇവ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമത്തിലും ഉപയോഗപ്രദമാണ്.
അവാക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകൾ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മികച്ചതാണ്. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാനും ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയ ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കരളിൽ കൊഴുപ്പ് അടിയുന്നത് തടയും.
മിതമായ അളവിൽ കാപ്പി ശീലമാക്കുന്നവരിൽ ഫാറ്റി ലിവർ അവസ്ഥ മൂർച്ഛിക്കാതിരിക്കാനും കരളിലെ ദോഷകരമായ എൻസൈം അളവ് കുറയ്ക്കാനും സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു. കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ ആണ് ഇതിന് സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക