ഷാജി കൈലാസ് ഒരുക്കുന്ന കടുവ, അൽഫോൻസ് പുത്രന്റെ ഗോൾഡ്, ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതം, കാളിയൻ തുടങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളെ സിനിമാ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ബെന്യാമിന്റെ ആടുജീവിതം നോവലിനെ പ്രമേയമാക്കിയാണ് ബ്ലെസ്സി തന്റെ ചിത്രമൊരുക്കുന്നത്. കഥയിലെ നജീബ് ആകുന്നതിന് പൃഥ്വിരാജ് നടത്തിയ മെയ്ക്ക് ഓവർ ഏറെ ചർച്ചയായിരുന്നു. ആടുജീവിതത്തിന് വേണ്ടി മെലിഞ്ഞ പൃഥ്വിയുടെ ഫോട്ടോകളെല്ലാം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
കടുത്ത വ്യായാമം, ഡയറ്റ് എന്നിവയിലൂടെ ഏറെ കഷ്ടപ്പെട്ടാണ് താൻ നജീബ് ആയതെന്ന് പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആടുജീവിതത്തിന്റെ ലുക്കിൽ കടുവ സിനിമയുടെ സെറ്റിലേക്ക് പോയപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് പൃഥ്വിരാജ്. ഇന്ത്യാ ഗ്ലിറ്റ്സ്ന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് താരം അനുഭവം പങ്കുവെച്ചത്.
ആടുജീവിതത്തിലെ മെലിഞ്ഞ ശരീരത്തിൽ കടുവയുടെ ഷൂട്ടിങിന് പോയപ്പോൾ “എന്താണ് മോനേ ഇത്, കുറച്ച് തടിവെക്കൂ” എന്ന് ഷാജി കൈലാസ് തന്നോട് പറഞ്ഞെന്നാണ് പൃഥ്വിരാജ് പറയുന്നത്. “കാണുമ്പോള്‍ ഫിസിക്കലി ഫിറ്റ് ആണ്. ഷര്‍ട്ട് ഊരി ജിമ്മില്‍ നില്ക്കുമ്പോള് സിക്സ് പാക്ക് ഒക്കെ ഉണ്ട്. പക്ഷെ, മുണ്ടും ജുബ്ബയും ഒക്കെ ഉടുത്ത് വരുമ്പോള്‍ ഭയങ്കര മെലിഞ്ഞിരിക്കുന്നതായുള്ള ഫീല്‍ ആയിരുന്നു.” പൃഥ്വി കൂട്ടിച്ചേർത്തു.
കടുവയില്‍ ഒന്നുരണ്ട് സീനില്‍ താൻ മെലിഞ്ഞിരിക്കുന്ന ലുക്ക് കാണാമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അതേസമയം പൃഥിരാജും സുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജനഗണമന ഏപ്രിൽ 28ന് തീയേറ്ററുകളിൽ എത്തും. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക എന്ന് പൃഥി നേരത്തെ അറിയിച്ചിരുന്നു.
ആദ്യമായിട്ടാണ് രണ്ട് ഭാഗങ്ങളിലായിട്ടെത്തുന്ന ഒരു സിനിമയില്‍ പൃഥിരാജ് അഭിനയിക്കുന്നത്. ഒപ്പം രണ്ടു വര്‍ഷത്തിന് ശേഷമാണ് ഒരു പ്രിഥ്വിരാജ് ചിത്രം തിയറ്ററില്‍ എത്തുന്നത് എന്ന പ്രത്യേകതയും ജനഗണമനയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക