കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19 നകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് കേസ് അന്വേഷണ മേൽനോട്ട ചുമതല നൽകിയിട്ടുണ്ടോ എന്നും അറിയിക്കണം. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക