തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെക്കാലമായി കാത്തിരിക്കുന്ന വിവാഹമാണ് നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ളത്. കഴിഞ്ഞ മാസം ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ജൂണിൽ വിവാഹം എന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
തമിഴിലെ യുവസംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം ജൂൺ ഒമ്പതിന് നടക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും ഈ താര വിവാഹം. നേരത്തെ തിരുപ്പതിയിൽ വച്ചാകുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുവരും വിവാഹിതരാകുന്നത്.നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.
‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക