തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് നിയമവാഴ്ചയേക്കാൾ ഗുണ്ടാവാഴ്ചയാണോ നടക്കുന്നതെന്ന് ആരും ചിന്തിക്കുന്ന വിധത്തിലാണ് കുറെ നാളുകളായി ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നത്.
ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം എന്നാണ് ഉയരുന്ന വിമര്‍ശനം.
കേരളത്തിന്റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.
തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യുന്ന മിക്ക അക്രമ സംഭവങ്ങള്‍ക്കും പിന്നിൽ ലഹരി മാഫിയ സംഘങ്ങളാണുള്ളത്. ലഹരിയുടെ ഒഴുക്ക് തടയാൻ പൊലീസിനും – എക്സൈസിനും കഴിയുന്നില്ല.
വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്.
സംഭവത്തില്‍ രണ്ട് പ്രതികൾ പൊലീസിന്റെ പിടിയിലായി. ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ. നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. ഇന്നലെ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക