കണ്ണൂർ: രാമപുരം വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടം ജൂൺ 6 തിങ്കളാഴ്ച വൈകിട്ട് 4.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ. ടി.വി.രാജേഷ് അധ്യക്ഷത വഹിക്കും. എം.വിജിൻ എം.എൽ.എ ഗ്രന്ഥാലയത്തിന്റെ എ ഗ്രേഡ് പ്രഖ്യാപനം നടത്തും. വൈകിട്ട് നാലിന് ചെറുതാഴം ചന്ദ്രനും സംഘവും നയിക്കുന്ന തായമ്പക, ആറിന് ഗാനമേള എന്നിവയും ഉണ്ടാകും.
75 ലക്ഷം രൂപ ചെലവിട്ട് മൂന്നുനിലകളിലായാണ് വായനശാല കെട്ടിടം ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയത്. 1959-ൽ ടി.പി കുഞ്ഞിക്കണ്ണൻ പ്രസിഡൻറും ഗോവിന്ദൻ നമ്പ്യാർ സെക്രട്ടറിയുമായി സ്ഥാപിതമായ വായനശാലയ്ക്ക് പുതിയപുരയിൽ കണ്ണൻ എട്ടുസെന്റ് സ്ഥലം സംഭാവനചെയ്തു. രാജാറാം മോഹൻറോയ് ഫൗണ്ടേഷൻ 10 ലക്ഷം രൂപ ബിൽഡിങ്ങിനും മൂന്നുലക്ഷം രൂപ ഫർണിച്ചർ, പുസ്തകങ്ങൾ എന്നിവ വാങ്ങുന്നതിനും ഗ്രാൻഡ് നൽകി.
ടി.വി.രാജേഷ് എം.എൽ.എ ആയിരുന്നപ്പോൾ വികസനഫണ്ടിൽനിന്ന് നാലുലക്ഷം രൂപയും ലഭ്യമായി. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകൾ ഫർണിച്ചർ നൽകി. വായനാമുറി, ജനസേവനകേന്ദ്രം, റിക്രിയേഷൻ സെന്റർ, ലൈബ്രറി ഹാൾ, ഓഫീസ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 13,000 പുസ്തകങ്ങളും 40-ലധികം ആനുകാലികങ്ങളുമുണ്ട്.
പ്രതിമാസ കലാസാഹിത്യ പരിപാടികൾ, ഓൺലൈൻ സേവനങ്ങൾ, മെഡിക്കൽ ക്യാമ്പ്, കൃഷി, കായികപരിശീലനം, പി.എസ്.സി. പരിശീലനം എന്നിവയും നടത്തി വരുന്നു. പത്രസമ്മേളനത്തിൽ ഐ.വി.ശിവരാമൻ, വി.രമേശൻ, എം.വി.വത്സൻ, ശോഭിത് എസ്.ദാസ് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക