പുരുഷ ഗർഭനിരോധന ഗുളികകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നതായി പഠനം.
പുരുഷ ഗർഭനിരോധന മരുന്നുകളായ DMAU, 11 beta-MNTDC എന്നിവ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് യൂനിസ് കെന്നഡി ഷ്രിവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റിലെ ഗർഭനിരോധന വികസന പ്രോഗ്രാമിലെ പ്രധാന ഗവേഷകനായ ടമർ ജേക്കബ്സൺ പറഞ്ഞു.
ഡിഎംഎയു എന്നും 11 ബീറ്റ-എംഎൻടിഡിസി എന്നും വിളിക്കപ്പെടുന്ന മരുന്നുകൾ, പ്രൊജസ്റ്റോജെനിക് ആൻഡ്രോജൻസ് എന്നറിയപ്പെടുന്ന മരുന്നുകളുടെ ഒരു വിഭാഗത്തിന്റെ ഭാഗമാണ്. ഈ മരുന്നുകൾ ടെസ്റ്റോസ്റ്റിറോണിനെ അടിച്ചമർത്തുന്നു. ഇത് ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നു.
ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്നത് സാധാരണയായി പാർശ്വഫലങ്ങളിലേക്ക് നയിക്കുന്നു, എന്നാൽ പഠനത്തിൽ പങ്കെടുത്ത മിക്ക പുരുഷന്മാരും മരുന്നുകൾ ഉപയോഗിക്കുന്നത് തുടരാൻ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പുരുഷ ഗർഭനിരോധന മാർഗ്ഗം വികസിപ്പിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യുൽപാദന ഓപ്ഷനുകൾ മെച്ചപ്പെടുത്തും, ഉദ്ദേശിക്കാത്ത ഗർഭധാരണം കുറയ്ക്കുന്നതിലൂടെ പൊതുജനാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തും.
കൂടാതെ കുടുംബാസൂത്രണത്തിൽ കൂടുതൽ സജീവമായ പങ്കുവഹിക്കാൻ പുരുഷന്മാരെ അനുവദിക്കുമെന്നും ടമർ പറഞ്ഞു.
ആരോഗ്യമുള്ള 96 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകൾ പുരുഷന്മാരോട് കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു.
28 ദിവസം ഇത് പിന്തുടരണം. ഇങ്ങനെ മരുന്ന് കഴിച്ച് ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക