തിരുവനന്തപുരം: അനിതാ പുല്ലയിൽ ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്ന് സ്പീക്കർ എം ബി രാജേഷ്. ആരെങ്കിലും അനധികൃതമായി കടന്നിട്ടുണ്ടോ എന്ന് പരിശോധന നടക്കുകയാണെന്നും സമയമാകുമ്പോൾ എല്ലാം അറിയിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ സഭാ ടിവിയുമായി സഹകരിക്കുന്ന ബിട്രെറ്റ് സൊലൂഷൻസിന്റെ കരാർ റദ്ദാക്കിയേക്കും. അനിതയെ നിയമസഭക്ക് അകത്ത് എത്തിച്ചത് ഈ സ്ഥാപനത്തിലെ ജീവനക്കാരാണെന്നാണ് വിവരം. നിയമ സഭ ചീഫ് മാർഷലിന്റെ അന്വേഷണ റിപ്പോർട്ട് അധികം വൈകാതെ സ്പീക്കർക്ക് കൈമാറും.
ലോക കേരള സഭക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളും സുരക്ഷയും മറികടന്ന് അനിതാ പുല്ലയിൽ സഭാസമ്മേളന വേദിയായ നിയമസഭ സമുച്ചയത്തിൽ എത്തിയതും സഭ സമ്മേളിച്ച മുഴുവൻ സമയവും അവിടെ ചെലവഴിച്ചതും വലിയ നാണക്കേടായാണ് സർക്കാർ വൃത്തങ്ങൾ വിലയിരുത്തുന്നത്.
പാസ് നൽകിയിരുന്നില്ലെന്ന് നോർക്കയും പറയുന്നു. അതിഥിയല്ലാത്ത അനിത പാസില്ലാതെ എങ്ങനെ ആർക്കൊപ്പം നിയമസഭയിൽ കയറിയെന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക