ലിവർ സിറോസിസ് (കരൾ വീക്കം), ഫാറ്റി ലിവർ, കരൾ അർബുദം, ലിവർ ഫെയ്ല്യർ എന്നിങ്ങനെ വിവിധ രോഗങ്ങളാണ് കരളിനെ ബാധിക്കുന്നത്. ലിവർ സിറോസിസും കരൾ അർബുദവും പ്രായമായവരിൽ കൂടുതലായി കാണുന്നുണ്ട്.
സാധാരണ രീതിയിലുള്ള കരൾ പെട്ടെന്നു ചുരുങ്ങി പ്രവർത്തിക്കാതെ വരുന്ന രോഗമാണ് ലിവർ ഫെയ്ല്യർ. ശരീരത്തിലെ ശുദ്ധീകരണ ഫാക്ടറിയായ കരളിന്റെ കാര്യത്തിൽ വളരെ ശ്രദ്ധയോടെ വേണം നീങ്ങാൻ.
ലക്ഷണങ്ങളൊന്നും കാണിക്കാതെയും കരൾരോഗം വരാറുണ്ട് എന്നത് പ്രത്യേകതയാണ്. മദ്യപിക്കുന്നവരിലും മദ്യപിക്കാത്തവരിലും ലിവർ സിറോസിസ് കാണപ്പെടുന്നുണ്ട്. ലിവർ സിറോസിസ് ഉണ്ടോ എന്നറിയാൻ ലിവർ ഫങ്ഷൻ ടെസ്റ്റ് നടത്തിയാൽ മാത്രം പോരാ.
കൂടുതൽ പരിശോധനകൾ വേണം. ലിവർ ഫങ്ഷൻ ടെസ്റ്റിൽ ‘നോർമൽ’ എന്നു കാണിച്ചാലും മാരകമായ കരൾരോഗം ചിലരിൽ കാണുന്നുണ്ട്. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ കൊഴുപ്പു കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുന്ന സ്ഥിതിയുണ്ട്.
പ്രമേഹം മൂലവും കൂടുതൽ കൊഴുപ്പുള്ള ഭക്ഷണം മൂലവും കരളിൽ കൊഴുപ്പടിഞ്ഞ് ഫാറ്റി ലിവർ ഉണ്ടാകുന്നു, തുടർന്ന് ഇത് ലിവർ സിറോസിസ്, കരൾ അർബുദം തുടങ്ങിയവയായി മാറുന്ന രീതിയുണ്ട്.
മദ്യപിക്കാത്തവരിൽ ലിവർ സിറോസിസ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഫാറ്റി ലിവർ രോഗമാണ്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകളും കരൾരോഗമുണ്ടാക്കുന്നു.
ജനിതക കാരണങ്ങൾ കൊണ്ട് അമിതമായി അയൺ, കോപ്പർ എന്നിവ ഭക്ഷണത്തിലൂടെ കരളിൽ അടിയുന്നതും കരൾരോഗമുണ്ടാക്കുന്നുണ്ട്. പാരമ്പര്യമായും കരൾരോഗം വരാറുണ്ട്. ഒരു വീട്ടിൽത്തന്നെ ഒന്നിലധികം പേർക്ക് കരൾരോഗം വരുന്ന രീതിയുണ്ട്.
നൂറു പേർ ഒരേ അളവിൽ മദ്യപിച്ചാൽ നൂറു പേർക്കും ഒരേ പോലെ ലിവർ സിറോസിസ് ഉണ്ടാകുന്നില്ല. ഇവരിൽ പത്തോളം ശതമാനം പേർക്കാണ് രോഗമുണ്ടാകുക. ഇത് ആർക്കു വരുമെന്ന് അറിയില്ലെന്നതാണ് പ്രശ്നം.
ആൽക്കഹോൾ മെറ്റബോളിസം എന്ന ജനിതകഘടന ഇതിനെ നിയന്ത്രിക്കുന്നു. ഈ ജനിതക ഘടനയിലെ വ്യത്യാസം മൂലമാണ് ചിലർക്ക് കുറഞ്ഞ അളവിൽ മദ്യം കഴിച്ചാലും പെട്ടെന്നു ലിവർ സിറോസിസ് വരുന്നത്.
ഫാറ്റിലിവർ രോഗവും ചിലർക്ക് മറ്റുള്ളവരെ അപേക്ഷിച്ചു വേഗത്തിൽ വരുന്നതായി കാണുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക