മലയാള സിനിമയ്ക്ക് ലഭിച്ച അതുല്യ പ്രതിഭകളിൽ ഒരാളാണ് ജഗതിശ്രീകുമാര്‍. അപ്രതീക്ഷിമായി സംഭവിച്ച അപകടത്തെ തുടർന്ന് മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു താരം. മികച്ച ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് സുരേഷ് ഗോപിയും ജഗതി ശ്രീകുമാറും. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാവുകയാണ് ഇരു താരങ്ങളും.
പാപ്പന്റെ വലിയ വിജയത്തിലൂടെ സുരേഷ് ഗോപി മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചു വരുമ്പോൾ സിബിഐ 5 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ജഗതി ശ്രീകുമാറും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഇപ്പോൾ ജഗതിക്ക് ഓണക്കോടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചത്.
അതോടൊപ്പം ജഗതിയെ പറ്റി രമേശ് പുതിയമഠം എഴുതിയ ‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഈ വേളയിൽ സുരേഷ് ഗോപി നിര്‍വ്വഹിച്ചു. സുരേഷ് ഗോപി ജഗതിയുടെ വീട് സന്ദർശിച്ചതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക