പലകാരണങ്ങൾ കൊണ്ടും കൂടുതല്‍ നേരം മൂത്രം പിടിച്ച് നില്‍ക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം
വൃക്കയിലെ കല്ലുകള്‍
നമ്മുടെ ശരീരത്തിലെ മാലിന്യങ്ങള്‍ വൃക്കയില്‍ അടിഞ്ഞുകൂടുബോഴാണ് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത്. വളരെ വേദനാജനകമായ അവസ്ഥയാണ് വൃക്കയിലെ കല്ലുകള്‍ ഉണ്ടാക്കുക. ചെറിയ കല്ലുകള്‍ ചിലപ്പോള്‍ മൂത്രമൊഴിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് പുറത്ത് പോകാറുണ്ട്. എന്നാല്‍, ഇവ വലുതാണെങ്കില്‍ അവ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. മൂത്രത്തില്‍ കല്ല് വലുതാണെങ്കില്‍ മൂത്രത്തില്‍ അണുബാധയും മൂത്രമൊഴിക്കുബോള് രക്തവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വെള്ളം കുടിക്കുന്നതും മൂത്രം ഒഴിക്കുന്നതും കുറവാണെങ്കില്‍ മൂത്രത്തില്‍ കല്ല് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
മൂത്രത്തില്‍ അണുബാധ
കൂടുതല്‍ നേരം മൂത്രം ഒഴിക്കാതെയിരുന്നാല് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. മൂത്രനാളിയില്‍ ബാക്ടീരിയകള്‍ ഉണ്ടാവുകയും ഇവ മൂത്രത്തോടൊപ്പം പുറന്തള്ളപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാല്‍, മൂത്രാശയത്തില്‍ കൂടുതല്‍ നേരം മൂത്രം പിടിച്ചിരിക്കുബോള് ബാക്ടീരിയകള്‍ വളരുകയും മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്ത് അണുബാധയുണ്ടാക്കുകയും ചെയ്യും. മൂത്രനാളിയില്‍ ഒരുതവണ അണുബാധ ഉണ്ടായാല്‍ പിന്നീട് വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
മൂത്രസഞ്ചി പൊട്ടിത്തെറിക്കുക
മൂത്രസഞ്ചി പൊട്ടിത്തെറിക്കുന്ന അവസ്ഥ അപൂര്‍വമാണ്. എന്നാല്‍, ദീര്‍ഘനേരം മൂത്രം ഒഴിക്കാതെ പിടിച്ച് നില്ക്കുകയാണെങ്കില്, നിങ്ങളുടെ മൂത്രസഞ്ചി പൊട്ടിത്തെറിച്ചേക്കാം. ദീര്‍ഘനേരം മൂത്രം തടഞ്ഞുനിര്‍ത്തുന്നത് മൂത്രസഞ്ചി താഴാനും ദുര്ബലമാകാനും ഇടയാകും.
മൂത്രമൊഴിക്കുബോള് വേദന
മൂത്രമൊഴിക്കാനുള്ള തോന്നല്‍ സംവേദനമാണ്. എന്നാല്‍ മൂത്രത്തെ കൂടുതല്‍ നേരം പിടിച്ചുവയ്ക്കുന്നത് വേദനയ്ക്ക് കാരണമാകും. കാരണം പേശികള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടി വരികയും മൂത്രത്തിന്റെ അളവ് വീണ്ടും വര്‍ധിക്കുകയും ചെയ്യും. മൂത്രാശയത്തില്‍ മൂത്രം നിറയുബോള്‍ അത് വികസിക്കുന്നു. മൂത്രമൊഴിച്ചതിന് ശേഷം വീണ്ടും പൂര്‍വസ്ഥിതിയിലാകുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂത്രം നിറഞ്ഞ് നില്‍ക്കുന്നതിലൂടെ പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുന്നത് കുറഞ്ഞ് വരികയും മൂത്രസഞ്ചി നീളുകയും ചെയ്യുന്നു.
അറിയാതെ മൂത്രം പോകുന്ന അവസ്ഥ
കൂടുതല്‍ നേരം മൂത്രം പിടിച്ച് വയ്ക്കുന്നത് പെല്‍വിക് ഫ്ലോര്‍ പേശികളെ ദുര്‍ബലപ്പെടുത്തും. ഇത് അജിതേന്ദ്രിയത്വത്തിന് കാരണമാകാന്‍ സാധ്യതയുണ്ട്. മൂത്രം പോകുന്നത് അറിയാതെയാകും. പേശികളുടെ ബലക്കുറവാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക