പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരില്‍ മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ ഇടിച്ച് ചായക്കട തുറക്കാനായി പോയ വഴിയാത്രക്കാരനായ അംഗപരിമിതന് ദാരുണാന്ത്യം.
കൈപ്പട്ടൂർ മൂന്നാം കലുങ്ക് ഞാറക്കൂട്ടത്തിൽ എൻ.ജി.ജയിംസ് (61) ആണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.10ന് നടന്ന അപകടത്തിൽ മരിച്ചത്.
ജയിംസ് സഞ്ചരിച്ച അതേ ദിശയിൽ വന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കാറിന്റെ മുകളിലേക്ക് തെറിച്ചുവീണ ജയിംസിനെയും കൊണ്ട് 20 മീറ്ററിൽ അധികം മുന്നോട്ടുപോയ ശേഷമാണ് കാർ നിന്നത്.
ഇതിനിടയിൽ സമീപത്തെ കലുങ്കിന്റെ കൽക്കെട്ടിലും എതിർ ദിശയിൽ വന്ന യുവാവിന്റെ ബൈക്കിലും സമീപത്തെ വീടിന് മുന്നിലായി പാർക്ക് ചെയ്തിരുന്ന 2 ഇരുചക്രവാഹനങ്ങളിലും കാർ ഇടിച്ചു.
3 വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ജയിംസിനെ ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക