അടുക്കളയിലെ പാതുകങ്ങൾക്ക് ഗ്രാനൈറ്റ് വിരിക്കുക എന്നതാണ് കേരളീയ ഭവനങ്ങളിൽ പൊതുവെ ചെയ്യാറുള്ളത്. എത്ര ആധുനിക വീടായിരുന്നാൽ പോലും ഈ ശീലത്തിൽ നിന്നും മലയാളി മാറി ചിന്തിച്ച് തുടങ്ങിയിട്ടില്ല. എന്നാൽ ഗ്രാനൈറ്റിനെക്കാൾ ചിലവ് കുറഞ്ഞതും കാഴ്ചയിൽ മനോഹരവും വൃത്തിയാക്കാൻ എളുപ്പമുള്ളതുമായ കൗണ്ടർ ടോപ് മെറ്റീരിയലുകൾ പരിചയപ്പെടാം.
കുറച്ചു കാലം മുൻപു വരെ അടുക്കളയുടെ കൗണ്ടർടോപ്പിന് ടൈലിടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല. എന്നാലിപ്പോൾ കൗണ്ടർ ടോപ്പിന് വലിയ അളവിലുള്ള ടൈൽ ഇടുന്നതാണ് പുത്തൻ ട്രെൻഡ്.
കൗണ്ടർടോപ്പിനായി ഡിസൈൻ ചെയ്ത ഈ ടൈലിൽ കറ പിടിക്കില്ല എന്നാണ് നിർമ്മാതാക്കളുടെ വാദം. സാധാരണ വിട്രിഫൈഡ് ടൈൽ പോലെ മുകളിലെ പാളിയിൽ മാത്രം നിറമുള്ളതിൽ നിന്നും വിഭിന്നമായി ടൈലിന്റെ താഴെ മുതൽ മുകൾ വരെ ഏകദേശം ഒരേ നിറം ലഭിക്കും. ഇവയുടെ അരികുകൾ ഉരുട്ടിയെടുക്കാനും സാധിക്കും.
ഉപയോഗിച്ചു തുടങ്ങിയിട്ടേയുള്ളൂ എന്നതിനാൽ ഈ ടൈലിന്റെ പോരായ്മ മനസ്സിലാക്കണമെങ്കിൽ മൂന്നുനാല് വർഷം കഴിയണമെന്നാണ് വിദഗ്ധാഭിപ്രായം.
പ്ലൈവുഡിന്റെ ഫ്രെയിമിലേക്ക് കനം കുറഞ്ഞ ഒരു മെറ്റീരിയൽ തെർമോഫോമിങ് ചെയ്താണ് കൗണ്ടർടോപ് പണിയുന്നതിനെ കൊറിയൻ ടോപ് എന്ന് പറയുന്നു.
അക്രിലിക് പോളിമറും അലുമിനാ ട്രൈഹൈഡ്രേറ്റുമാണ് ഇതിലെ ഘടകങ്ങൾ. കൊറിയൻ എന്ന ബ്രാൻഡ് കാരണം കൊറിയൻ ടോപ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. അരികുകളും ജോയിന്റും ഇല്ല എന്നതാണ് സവിശേഷത. കൗണ്ടർടോപ്പിന്റെ തുടർച്ചയായി തന്നെ സിങ്ക്, വാഷ്ബേസിൻ എന്നിവ ചെയ്യാം.
കൗണ്ടർടോപ്പിൽ സ്റ്റീലിനും പ്രിയമേറുന്നു. ഫ്രെയിമിലേക്ക് സ്ക്രൂ ചെയ്താണ് പിടിപ്പിക്കുന്നത്. വൃത്തിയാക്കാൻ എളുപ്പം, കറ പിടിക്കില്ല എന്നിവയാണ് മേന്മകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക